മുംബൈയില്‍ ചിത്രം തെളിഞ്ഞു; ആറു സീറ്റുകള്‍ ഏങ്ങോട്ട് ചായും; നിര്‍ണായകമായി മറാഠാ ഇതരവോട്ടുകള്‍

മുംബൈ മേഖലയിലെ മല്‍സര ചിത്രം തെളിഞ്ഞതോടെ ഇരുമുന്നണികളും പ്രചാരണം ശക്തമാക്കി. പാര്‍ട്ടിയിലെ പിളര്‍പ്പിന് ശേഷം കരുത്തുകാട്ടാന്‍ ഉദ്ധവ് താക്കറെയുടെ ശിവസേന ഇറങ്ങുമ്പോള്‍ ആറ് സീറ്റുകളും നിലനിര്‍ത്താനുള്ള വഴിതേടുകയാണ് ബിജെപി. നോര്‍ത്ത് സെന്‍ട്രലില്‍ വര്‍ഷ ഗെയ്ക്ക്‌വാഡാണ് കോണ്‍ഗ്രസിന്‍റെ സാരഥിയെങ്കില്‍ എതിരാളിയായി ബിജെപി ഇറക്കുന്നത് ഉജ്ജ്വല്‍ നികമിനെയാണ്.

മുബൈയിലെ ആറിടത്തും സാരഥികള്‍  റെഡിയാണ്. പാര്‍ട്ടി പിളര്‍ത്തിയതിന്‍റെ കണക്ക് തീര്‍ക്കാന്‍ ഉദ്ധവ് താക്കറെയും ബിജെപിയുമായി ചേര്‍ന്ന് കരുത്തുകാട്ടാന്‍ ഷിന്‍ഡെ പക്ഷവും ഇറങ്ങുന്നു. ഉത്തരേന്ത്യക്കാരും ഗുജറാത്തികളും ന്യൂനപക്ഷങ്ങളും ഏറെയുള്ള രാഷ്ട്രീയ ഭൂമികയാണ് മുംബൈ. ആര്‍ക്ക് ജയിക്കണമെങ്കിലും മറാഠാ വികാരത്തിനപ്പുറം ഈ വോട്ടുകൂടി ഉറപ്പിക്കേണ്ടിവരും. 

മുംബൈ ഭീകരാക്രമണ കേസിലെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയിരുന്ന ഉജ്ജ്വല്‍ നികമിനെയാണ് നോര്‍ത്ത് സെന്‍ട്രലില്‍ ബിജെപി പരീക്ഷിക്കുന്നത്. എതിരാളിയായി കോണ്‍ഗ്രസ് സിറ്റി ഘടകം അധ്യക്ഷയും എംഎല്‍എയുമായ വര്‍ഷ ഗെയ്ക്ക്‌വാഡ് എത്തുമ്പോള്‍ മല്‍സരം കടുക്കും. സീറ്റുവിഭജനത്തിലെ പിണക്കം മാറ്റി ഉദ്ധവിനൊപ്പം കൈകോര്‍ക്കുക എന്ന തന്ത്രത്തിലേക്ക് കോണ്‍ഗ്രസും മാറിയിട്ടുണ്ട്.  

കഴിഞ്ഞ തവണ ശിവസേനയ്ക്കൊപ്പം ആറില്‍ ആറു സീറ്റുകളും നേടിയതിന്‍റെ ആത്മവിശ്വാസം ഇക്കുറി ബിജെപിക്കില്ല. ശിവസേനയിലെ പിളര്‍പ്പിന് ശേഷം അണികള്‍ ഉദ്ധവിനൊപ്പം പോയെന്ന് ആശങ്കയുണ്ട്. മുംബൈ നോര്‍ത്തില്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനെ കൊണ്ടുവന്നതും ഒരു താരമൂല്യം മുന്നില്‍കണ്ടാണ്. അടല്‍സേതു കടല്‍പാലം പോലുള്ള വികസന മാതൃകയാണ് പാര്‍ട്ടി പ്രചാരണത്തില്‍ ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍ സ്ഥാനാര്‍ഥിയെ വരെ ഇ.ഡിയെ വെച്ച് ഭീഷണിപ്പെടുത്തുന്ന ബിജെപിയെ ജനം തള്ളുമെന്ന് ഉദ്ധവും ഉറപ്പിക്കുന്നു. മുംബൈ സൗത്തില്‍ സിറ്റിങ് എം.പി അരവിന്ദ് സാവന്തിനെതിരെ ഷിന്‍ഡെ പക്ഷത്തിന്‍റെ സ്ഥാനാര്‍ഥി ദുര്‍ബലമാണെന്ന വാദവും ഉയരുന്നുണ്ട്.

Mumbai Set To Loksabha Poll; Who Win These Six Seats