തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നേ കളമൊരുക്കലായി ഔറംഗസേബ് രാഷ്ട്രീയം; കോലാപ്പൂരും കടന്ന് വിവാദം

തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നേയുള്ള കളമൊരുക്കലായി ഔറംഗസേബ് രാഷ്ട്രീയം മഹാരാഷ്ട്രയില്‍ ചൂടുപിടിക്കുന്നു. ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ കനത്ത മുന്നറിയിപ്പാണ് ഉദ്ധവ് സേന വിഭാഗം നല്‍കിയത്. എന്നാല്‍ മുഗള്‍ ബിംബങ്ങളെ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കില്ലെന്ന് ബിജെപി നിലപാട് കടുപ്പിച്ചതോടെ കോലാപ്പൂരും കടന്ന് വിവാദം കത്തുകയാണ്.

പശ്ചിമ മഹാരാഷ്ട്രയിലെ കോലാപ്പൂരിലുണ്ടായ സംഘര്‍ഷങ്ങള്‍ കേവലം ഒരുദിവസത്തെ വികാരത്തിന്റെ പുറത്തുണ്ടായതല്ല. മുഗള്‍ രാജാവ് ഔറംഗസേബിനെ മഹത്വവല്‍ക്കരിച്ചാല്‍ കാര്യങ്ങള്‍ വഷളാകുമെന്ന് ഭീഷണിയുടെ സ്വരത്തില്‍ മുന്നറിയിപ്പുനല്‍കിയത് സംസ്ഥാന ആഭ്യന്തരമന്ത്രി തന്നെയാണ്. രണ്ടുദിവസം കഴിഞ്ഞപ്പോളേക്കും കോലാപ്പൂര്‍ സംഘര്‍ഷകേന്ദ്രമായി. രാഷ്ട്രീയമുതലെടുപ്പിനെ പ്രതിപക്ഷം എതിര്‍ത്തു. കര്‍ണാടകയില്‍‌ പാളിയ ബജ്റംഗ്ബലി രാഷ്ട്രീയം ഔറംഗസേബിന്റെ രൂപത്തില്‍ അവതരിപ്പിക്കുന്നുവെന്ന് ഉദ്ധവ് സേനയുടെ സാമ്ന മുഖപ്രസംഗം എഴുതി. നശീകരണ പാതയിലേക്ക് ഹിന്ദുത്വയെ ബിജെപി നയിക്കുന്നുവെന്ന് കടുത്ത വിമര്‍ശനം. 

ശരദ് പവാര്‍ ഔറംഗസേബിന്റെ പ്രതിപുരുഷനാണെന്ന ബിജെപി നേതാവ് നിലേഷ് റാണെയുടെ ട്വീറ്റിനെതിരെ വലിയ പ്രതിഷേധമാണ് എന്‍സിപി  ഉയര്‍ത്തിയത്. പവാറും സഞ്ജയ് റാവുത്ത് അടക്കമുള്ള നേതാക്കള്‍ക്കെതിരായ  ഭീഷണി സന്ദേശങ്ങളും  ഇതിനോട് ചേര്‍ത്തുകാണേണ്ടതാണ്. 

ചുരുക്കത്തില്‍ മറാഠാ വാദത്തെയും ഛത്രപതി ശിവാജിയെയും ശക്തമായി പിന്തുണച്ചുകൊണ്ട് ബിജെപിയുടെ രാഷ്്ട്രീയത്തെ തള്ളിപ്പറയുക എന്ന തന്ത്രപരമായ. നീക്കമാണ് ഉദ്ധവ് സേനയൊക്കെ പയറ്റുന്നത്. ഔറംഗസേബിന്റെ ആരാധകര്‍ ഇപ്പോള്‍ എവിടെനിന്നു വന്നു എന്ന ബിജെപിയുടെ ചോദ്യം രാഷ്ട്രീയമായ  കളമൊരുക്കലാണെന്ന് പകല്‍‌ പോലെ വ്യക്തവുമാണ്.

Aurangzeb politics in Maharashtra