മോദി തമിഴ്നാട്ടിൽ നിന്ന് മൽസരിക്കുമോ? അഭ്യൂഹം ശക്തമെന്ന് ബി.ജെ.പി നേതാവ്

2024 ലെ പൊതു തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട്ടിൽ നിന്ന് ജനവിധി തേടണമെന്ന് ബി.ജെപി. നേതാവ് അണ്ണാമലൈ. എ.എൻ.ഐ പോഡ്കാസ്റ്റിലാണ് അണ്ണാമലൈ ഈ ആവശ്യം ഉന്നയിച്ചത്. മോദി തമിഴ്നാട്ടിൽ നിന്ന് മൽസരിക്കുമെന്ന അഭ്യൂഹം എങ്ങനെയോ മാധ്യമങ്ങളിലൂടെ പടർന്നുവെന്നും താൻ പലയിടങ്ങളിലും ചെല്ലുമ്പോൾ ജനങ്ങൾ ഇക്കാര്യം തന്നോട് ചോദിക്കുന്നുവെന്നുമാണ് അണ്ണാമലൈ പറയുന്നത്. തമിഴ്നാട്ടിൽ നിന്ന് മോദി മൽസരിക്കുകയാണെങ്കിൽ തമിഴരിൽ ഒരാളാണെന്ന വികാരം ഉണ്ടാവുകയും അത് വോട്ടായി മാറുകയും ചെയ്യുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. 

രാമനാഥ പുരത്ത് നിന്ന് മോദി മൽസരിക്കുമെന്ന അഭ്യൂഹം കേൾക്കുന്നുവെന്നും തൂത്തുക്കുടിയിലെ ചായക്കടകളിൽ പോലും ഇത് സജീവ ചർച്ചയാണെന്നും ബി.ജെ.പി നേതാവ് വാചാലനാകുന്നു. സാധാരണയായി ജാതി, തമിഴ് വികാരം എല്ലാം വോട്ടെടുപ്പിൽ നിർണായകമാണെന്നും എന്നാൽ മോദി മൽസരിക്കാനിറങ്ങിയാൽ ഇതെല്ലാം അപ്രസക്തമാകുമെന്നുമാണ് പ്രാദേശിക ബിജെപി നേതാക്കളുടെ വാദം.

2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ വാരണാസിയിൽ നിന്നും ഗുജറാത്തിലെ വഡോദരയിൽ നിന്നും മോദി ജനവിധി തേടിയിരുന്നു. രണ്ടിടത്തും വിജയിച്ച മോദി പക്ഷേ വരാണാസിയുടെ ജനപ്രതിനിധിയായാണ് സഭയിൽ എത്തിയത്. 2019 ൽ ഈ വിജയം അദ്ദേഹം ആവർത്തിക്കുകയും ചെയ്തു.

People want Modi to contest from TN, says BJP state chief Annamalai