മൃതദേഹങ്ങളുടെ കണ്ണുകൾ നഷ്ടപ്പെട്ടു ; എലി കരണ്ടതാകാമെന്ന് നി​ഗമനം

ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന രണ്ടു മൃതദേഹങ്ങളുടെ കണ്ണുകൾ നഷ്ടപ്പെട്ടതായി പരാതി.മധ്യപ്രദേശിലെ സാ​ഗർ ജില്ലയിലാണ് സംഭവം.സാ​ഗർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന രണ്ടു മൃതദേഹങ്ങളിലെയും ഒരോ കണ്ണുകളാണ് നഷ്ടപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആദ്യ സംഭവം റിപ്പോർട്ട് ചെയ്ത് പതിനഞ്ചു ദിവസങ്ങൾക്കകമാണ് രണ്ടാമത്തെ സംഭവം റിപ്പോർട്ട് ചെയ്തത്.എലികൾ കരണ്ടതായിരിക്കാമെന്നാണ് പ്രാഥമിക നി​ഗമനം. 

ആദ്യത്തെ സംഭവം ജനുവരി 4 നും രണ്ടാമത്തെ സംഭവം ജനുവരി 19 നുമാണ് നടന്നത്. 32 കാരനായ മോത്തിലാൽ ​ഗൗണ്ട് എന്നയാളെ കൃഷി സ്ഥലത്ത് ബോധരഹിതനായിനെത്തുടർന്ന് ജനുവരി 4 ന് ബന്ധുക്കൾ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.ആശുപത്രിയിൽ വെച്ച് അദ്ദേഹത്തിന്റെ മരണം സ്ഥിരികരിച്ചു.മോർച്ചറിയിലെ ഫ്രീസർ പ്രവർത്തിക്കാത്തതിനെത്തുടർന്ന് വേണ്ടത്ര സംരക്ഷണമൊരുക്കാതെ തുറന്ന മേശപ്പുറത്താണ് മൃതദേഹം സൂക്ഷിച്ചിരുന്നത്.പിറ്റേന്ന് ‍‍ഡോക്ടർ പോസ്റ്റ് മോർട്ടം ചെയ്യാനായി എത്തിയപ്പോഴാണ് മൃതദേഹത്തിന്റെ ഒരു കണ്ണ് നഷ്ടമായതായി ശ്രദ്ധയിൽ പെട്ടത്. 

25 കാരനായ രമേഷ് അഹിവാർ എന്ന യുവാവിനെ ജനുവരി 16 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ജനുവരി 15 ന് ഇയാൾ ആരോടും പറയാതെ എങ്ങോട്ടോ പോയെന്നും അടുത്ത ദിവസം ഇയാളെ പരുക്കു പറ്റിയ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നുമാണ് ബന്ധുക്കൾ ആശുപത്രി അധികൃതരെ ധരിപ്പിച്ചത്.ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന ഇയാൾ പിറ്റേ ദിവസം മരണത്തിനു കീഴടങ്ങുകയായിരുന്നു.ദുരൂഹ സാഹചര്യത്തിൽ പരുക്കു പറ്റിയതായതിനാൽ ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് ജനുവരി 19 ന് മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ഫ്രീസറിൽ നിന്നും പുറത്തെടുത്തപ്പോഴാണ് ഒരു കണ്ണ് നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.യാതൊരു കേടുപാടുമില്ലാത്ത ഫ്രീസറിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നതെന്ന് മെഡിക്കൽ ഓഫീസർ ‍ഡോക്ടർ അഭിഷേക് താക്കൂർ പറഞ്ഞു. 

രണ്ടു സംഭവങ്ങളിലും എലികൾ കണ്ണുകൾ കരണ്ടതായിരിക്കാമെന്നാണ് അന്വേഷണ ഉദ്യോ​ഗസ്ഥരുടെ പ്രാഥമിക നി​ഗമനം. മോർച്ചറിയിലെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചു വരികയാണെന്നും വിശദമായ അന്വേഷണത്തിനു ശേഷം മാത്രമേ മറ്റു നടപടികളിലേക്ക് കടക്കൂ എന്നും  അന്വേഷണഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

സിവിൽ സർജൺ ഡോ മംമ്ത തിമോരിയുൾപ്പെടെ നാലു മെഡിക്കൽ ഉദ്യോ​ഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും 48 മണിക്കൂറിൽ മറുപടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും  ചീഫ് മെഡിക്കൽ ഹെൽത്ത് ഓഫീസർ ഡോ മംമ്ത തിമോരി പറഞ്ഞു.

Dead Bodies Missing An Eye Each In Madhya Pradesh Hospital, Rats Are Suspects