ഗാന്ധി പോലും സുരക്ഷിതനല്ലാത്ത ഡല്‍ഹി നഗരം; 75 വർഷം മുൻപ്..!

75 വര്‍ഷം മുമ്പ്  ജനുവരി 20ന് ഗാന്ധിജിക്ക് നേരേ നടന്ന വധശ്രമം രാജ്യത്തെ ‍ഞെട്ടിച്ചു. ഈ ആക്രമണത്തെത്തുടര്‍ന്ന് വേണ്ടത്ര മുന്‍കരുതലുകള്‍ എടുത്തിരുന്നെങ്കില്‍ ജനുവരി 30 ലെ ഗാന്ധിവധം ഒഴിവാക്കാമായിരുന്നു എന്ന് കരുതുന്നവരുണ്ട്. എന്നാല്‍ സുരക്ഷ ശക്തമാക്കുന്നതിനെ ഏറ്റവുമധികം എതിര്‍ത്തത് ഗാന്ധിജിയായിരുന്നു

വധശ്രമ വാര്‍ത്തയറിഞ്ഞ ആഭ്യന്തര മന്ത്രി സര്‍ദാര്‍ പട്ടേല്‍ തളര്‍ന്നു പോയി. ഗാന്ധി പോലും സുരക്ഷിതനല്ലാത്ത ഡല്‍ഹി നഗരം ഉരുക്കുമനുഷ്യനെ ആശങ്കപ്പെടുത്തി. അക്രമി ഒറ്റക്കല്ലെന്നും ഇനിയും ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഗാന്ധിയോടു പറഞ്ഞു. ബിര്‍ള മന്ദിറിലെ പൊലീസുകാരുടെ എണ്ണം 5ല്‍ നിന്ന് 35 ആക്കി. പക്ഷേ, സുരക്ഷ പാടില്ലെന്ന് ഗാന്ധി വാശിപിടിച്ചു.

പ്രാര്‍ഥനയ്ക്ക് എത്തുന്നവരെ പരിശോധിച്ചാല്‍ ഡല്‍ഹി വിടുമെന്ന് അദ്ദേഹം ഭീഷണി മുഴക്കി. മദന്‍ലാലിനെ വിട്ടയക്കാന്‍ ഗാന്ധി ആവശ്യപ്പെട്ടു. 'പീഡാനുഭവങ്ങള്‍ കൊണ്ട് ദുഖിതനും ഏതാണ്ട് സമനില തെറ്റുകയും ചെയ്ത ഒരു യുവാവായിരിക്കാം മദന്‍ലാല്‍. അയാള്‍ അങ്ങനെയൊക്കെ ചെയ്തെങ്കില്‍ , അതില്‍ ഞാന്‍ പോലും ഒരു കണക്കിന് കുറ്റക്കാരന്‍ തന്നെ. അത്തരക്കാര്‍ക്കു നേരേ സ്നേഹ പൂര്‍ണമായ സമീപനം വേണം'.

75 years of Mahatma Gandhi Assasination