ഹരിയാന പഞ്ചായത്ത് തിരഞ്ഞെടുപ്പ്: ബിജെപി മങ്ങി; കേന്ദ്രമന്ത്രിയുടെ മണ്ഡലത്തിൽ എഎപി

ഹരിയാനയിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മങ്ങിയ പ്രകടനവുമായി ഭരണകക്ഷിയായ ബിജെപി. 7 ജില്ലകളിലെ ജില്ലാ പരിഷത്തിലെ 102 സീറ്റിൽ മത്സരി‌ച്ച ബിജെപിക്ക് 22 എണ്ണത്തിൽ മാത്രമെ ജയിക്കാനായുള്ളൂ. എന്നാൽ, മറ്റു 15 ജില്ലകളിൽ 150ലേറെ സ്വതന്ത്രർ ബിജെപി പിന്തുണയോടെയാണു ജയിച്ചതെന്നു പാർട്ടി അവകാശപ്പെട്ടു.

411 ജില്ലാ പരിഷത്ത് സീറ്റുകളിലേക്കു മൂന്നു ഘട്ടമായി നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം ഞായറാഴ്ചയാണു പുറത്തുവന്നത്. കോൺഗ്രസും ബിജെപി സഖ്യകക്ഷിയായ ജനനായക് ജനതാ പാർട്ടിയും (ജെജെപി) പാർട്ടി ചിഹ്നത്തിൽ മത്സരിച്ചില്ല. പഞ്ച്‌കുള, സിർസ എന്നിവിടങ്ങളിൽ ബിജെപി ചിത്രത്തിൽ പോലുമില്ലായിരുന്നു. പഞ്ച്‌കുളയിൽ 10 സീറ്റും ബിജെപിക്കു നഷ്ടമായി. സിർസയിൽ പാർട്ടി ചിഹ്നത്തിൽ മത്സരിച്ച 24 സീറ്റിൽ പത്തിടത്തും തോറ്റു.

കേന്ദ്രമന്ത്രി അനിൽ വിജിന്റെ ജില്ലയായ അംബാലയിൽ 15 ഇടത്ത് മത്സരിച്ചെങ്കിലും രണ്ട് സീറ്റിലേ ബിജെപിക്കു ജയിക്കാനായുള്ളൂ. കേന്ദ്രമന്ത്രിയുടെ മണ്ഡലമായ അംബാല കന്റോൺമെന്റിലെ മുഴുവൻ സീറ്റും എഎപി നേടി. കുരുക്ഷേത്രയിലെ ബിജെപി എംപി നായിബ് സിങ് സൈനിയുടെ ഭാര്യ സുമൻ സൈനിയും തോറ്റവരുടെ കൂട്ടത്തിലുണ്ട്. കുരുക്ഷേത്രയിൽ 15 സീറ്റിൽ മത്സരിച്ച ബിജെപിക്കു മൂന്നിടത്തു മാത്രമെ ജയിക്കാനായുള്ളൂ.

സിർസ, അംബാല, യമുനാനഗർ എന്നിവിടങ്ങളിലായി എഎപി 15 സീറ്റുകൾ നേടി. നൂറോളം സീറ്റുകളിൽ എഎപി സ്ഥാനാർഥികളെ നിർത്തിയിരുന്നു. 72 ജില്ലാ പരിഷത്ത് സീറ്റിലേക്കു മത്സരിച്ച ഇന്ത്യൻ നാഷനൽ ലോക്‌‌ദൾ (ഐഎൻഎൽഡി) 14 ഇടത്തു ജയിച്ചു. ആകെ 411 അംഗങ്ങളുള്ള 22 ജില്ലാ പരിഷത്തുകളാണ് സംസ്ഥാനത്തുള്ളത്. 3,081 അംഗങ്ങളുള്ള 143 പഞ്ചായത്തു സമിതികളുമുണ്ട്. ബിജെപി സ്ഥാനാർഥികളോ ബിജെപി പിന്തുണയുള്ളവരോ ആണ് ജയിച്ചവരിലേറെയുമെന്നു സംസ്ഥാന അധ്യക്ഷൻ ഒ.പി.ധൻകർ പറഞ്ഞു.