രാഹുലിന്റെ പദയാത്രയിൽ ‘പേസിഎം’ ടീഷർട്ട്; തല്ലി അഴിപ്പിച്ച് പൊലീസ്; വിഡിയോ

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് കർണാടകയിലും വലിയ ജനപങ്കാളിത്തമാണ് ലഭിക്കുന്നത്. പദയാത്രയ്ക്ക് ഇടയിൽ ഒരു പ്രവർത്തകനെ പൊലീസ് മർദിക്കുന്ന വിഡിയോ പങ്കിട്ട് പ്രതിഷേധിക്കുകയാണ് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി ശ്രീനിവാസ്. പേസിഎം (PayCM) എന്ന ടീഷർട്ട് ധരിച്ച പ്രവർത്തകനെയാണ് പൊലീസ് കൈകാര്യം ചെയ്യുകയും ടീഷർട്ട് അഴിപ്പിക്കുകയും ചെയ്തത്. അക്ഷയ് കുമാർ എന്ന പ്രവർത്തകനെയാണ് പൊലീസ് മർദിച്ചത്.

കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്‌ക്കെതിരെ കോൺഗ്രസ് നടത്തിയ പ്രതിഷേധമായിരുന്നു പേസിഎം ക്യാംപെയിൻ. ഈ പ്രതിഷേധത്തിന്റെ ഭാഗമായുള്ള ടീഷർട്ട് ധരിച്ചാണ് പ്രവർത്തകൻ എത്തിയത്. ഇത് മുഖ്യമന്ത്രിയെ അപമാനിക്കുന്നതാണെന്ന പരാതിയെ തുടർന്നാണ് പൊലീസിന്റെ നടപടി. പ്രവർത്തകനെ തല്ലുന്നതും നിർബന്ധിച്ച് ടീഷർട്ട് അഴിപ്പിക്കുന്നതുമായ വിഡിയോ പങ്കിട്ടാണ് കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നിരിക്കുന്നത്. സര്‍ക്കാര്‍ ടെന്‍ഡറുകള്‍ അനുവദിച്ചു നല്‍കാന്‍ വന്‍തുക കൈപ്പറ്റുന്നതായുള്ള അഴിമതി ആരോപണം ഉയർന്നതോടെയാണ് ബൊമ്മയ്‌ക്കെതിരെ പേസിഎം പ്രതിഷേധം കോൺഗ്രസ് സംഘടിപ്പിച്ചത്.