'ഭാരത് ജോ‍ഡോ' പണപ്പിരിവ്: മൂന്ന് നേതാക്കള്‍ക്ക് സസ്പെന്‍ഷന്‍

രാഹുല്‍ ഗാന്ധിയുടെ 'ഭാരജ് ജോഡോ' യാത്രയുടെ പേരില്‍ കൊല്ലം കുന്നിക്കോട് നിര്‍ബന്ധിത പണപ്പിരിവ് നടത്തിയ മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സസ്പെന്‍ഷന്‍. വിളക്കുടി വെസ്റ്റ് മണ്ഡലം പ്രസിഡന്റ് സലീം സൈനുദ്ദീൻ, ഡിസിസി അംഗം കുന്നിക്കോട് ഷാജഹാൻ, യൂത്ത്കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എച്ച്.അനീഷ്ഖാൻ എന്നിവർക്കെതിരെയാണ് നടപടി. കെപിസിസി പ്രസിഡന്റ് കെ.സുധാകരനാണ് തീരുമാനം പ്രഖ്യാപിച്ചത്. ഇന്നലെ കുന്നിക്കോട്ടെ പച്ചക്കറി കടയില്‍ രണ്ടായിരം രൂപ ആവശ്യപ്പെട്ടെത്തിയ നേതാക്കള്‍ കുറഞ്ഞ തുക നല്‍കിയതിന്റെ പേരില്‍ കടയിലുണ്ടായിരുന്നവരെ അസഭ്യം പറയുകയും സാധനങ്ങൾ വലിച്ചെറിയുകയും ചെയ്തിരുന്നു. പദയാത്രയുടെ പേരിൽ ഇത്തരം പ്രവർത്തികൾ പാടില്ലെന്ന് സംഘാടക സമിതിയിലെ ദേശീയ ഭാരവാഹികള്‍ സംസ്ഥാന നേതാക്കൾക്ക് നിർദേശം നൽകി.