ചീറ്റകൾക്ക് കാവലാകാൻ ലക്ഷ്മിയും സിദ്ധാർഥും; പട്രോളിങ് തുടങ്ങി ആനകൾ

ചിത്രം കടപ്പാട് ; ഇന്ത്യാ ടുഡേ

ഏഴരപതിറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷം ഇന്ത്യയിലെത്തിയ ചീറ്റപ്പുലികൾക്ക് കാവലാകുന്നത് രണ്ട് ആനകൾ. ലക്ഷ്മിയും സിദ്ധാർഥും. നർമദപുരത്തെ സത്പുര ടൈഗർ റിസർവിൽ നിന്നാണ് ചീറ്റകളെ കാക്കുന്നതിനായി സിദ്ധാർഥിനെയും ലക്ഷ്മിയെയും കുനോ ദേശീയ പാർക്കിലേക്ക് കൊണ്ടു വന്നത്. ചീറ്റകളുടെ ആവാസ വ്യവസ്ഥയിലേക്ക് മറ്റ് വന്യമൃഗങ്ങൾ കടന്നുവരുന്നത് തടയുകയാണ് സിദ്ധാർഥിന്റെയും ലക്ഷ്മിയുടെയും ജോലി. ചീറ്റകൾ എത്തുന്നതിന് മുൻപ് തന്നെ കുനോയിൽ ഇവയ്ക്കായി മാറ്റിയ സ്ഥലത്തേക്ക് അതിക്രമിച്ച് കയറിയ നാല്  പുള്ളിപ്പുലികളെ ഇരുവരും തുരത്തിയിരുന്നു. 

സുരക്ഷാ സംഘത്തോടൊപ്പം രാത്രിയും പകലും പട്രോളിങ് നടത്തുകയാണ് ഇരുവരും. ചീറ്റകളെ എത്തിക്കുന്നതിന് ഒരു മാസം മുൻപ് തന്നെ ആനകളെ പാർക്കിൽ എത്തിച്ചിരുന്നു. നമീബിയയിൽ നിന്നെത്തിച്ച എട്ട് ചീറ്റകളെയും ഒരു മാസത്തെ പ്രത്യേക ക്വാറന്റീനിലാണ് നിലവിൽ താമസിപ്പിച്ചിരിക്കുന്നത്. 

30 വയസാണ് സിദ്ധാർഥിന്റെ പ്രായം. ആളൽപ്പം കുഴപ്പക്കാരനാണ്.2010 ൽ രണ്ട് പാപ്പാൻമാരെയാണ് വകവരുത്തിയെന്ന ദുഷ്പേരുണ്ട് ഒപ്പം മുൻകോപിയും. പക്ഷേ കടുവകളെ രക്ഷിക്കുന്നതിൽ മിടുമിടുക്കനായിരുന്നത് കൊണ്ടാണ് ചീറ്റകളുടെ സംരക്ഷണത്തിന് നേതൃത്വം സിദ്ധാർഥ് ആകട്ടെയെന്ന് ഉദ്യോഗസ്ഥരും തീരുമാനിച്ചത്. 25വയസ് പ്രായമുള്ള ലക്ഷ്മി ശാന്തസ്വഭാവിയാണ്. ഒപ്പം ജോലിയിൽ അതീവ വിദഗ്ധയും. പിന്നെ ജംഗിൾ സഫാരി, റെസ്ക്യൂ ഓപറേഷൻ എന്ന് വേണ്ട കാവലിനും മിടുക്കി.