ബസ്സില്‍ സ്ത്രീകളെ തുറിച്ചു നോക്കിയാലും ചൂളമടിച്ചാലും കേസ്; കടുത്ത നടപടികളുമായി തമിഴ് നാട്

തമിഴ് നാട്ടിൽ ഇനി സ്ത്രീകളെ തുറിച്ച് നോക്കിയാൽ പിടിവീഴും. സ്ത്രീ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി മോട്ടോര്‍വാഹന നിയമം ഭേദഗതി ചെയ്ത് തമിഴ്‌നാട് സര്‍ക്കാര്‍.  സ്ത്രീ യാത്രക്കാരെ തുറിച്ചു നോക്കുന്നതും ചൂളമടിക്കുന്നതും കണ്ണിറുക്കുന്നതും ഒക്കെ ഇനി ശിക്ഷാര്‍ഹമായ കുറ്റമാണ്.

ബസിൽ യാത്രചെയ്യുന്ന സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നവരെ ഇറക്കി വിടുകയോ പോലീസിൽ ഏൽപ്പിക്കുകയോ ചെയ്യുന്നത് കണ്ടക്ടറുടെ ചുമതലയാണെന്ന് നിയമഭേദഗതി വ്യക്തമാക്കുന്നു. ശാരീരികസ്പർശനത്തിനു പുറമേ, അശ്ലീലച്ചുവയോടെയുള്ള സംസാരം, നോട്ടം, കണ്ണിറുക്കൽ, ചൂളമടി ഇവയും കുറ്റമാണ്.സ്ത്രീകളോട് മോശമായി പെരുമാറിയാല്‍ കണ്ടക്ടര്‍ക്കെതിരെയും നടപടിയുണ്ടാവും.

ബസിൽ കയറുകയോ ഇറങ്ങുകയോ ചെയ്യുന്ന സ്ത്രീയെ സഹായിക്കുകയാണെന്ന വ്യാജേന കണ്ടക്ടർ സ്പർശിച്ചാൽ ശിക്ഷ ലഭിക്കുമെന്നും ഭേദഗതി വരുത്തിയ നിയമം വ്യവസ്ഥ ചെയ്യുന്നു. കണ്ടക്ടർ സ്ത്രീ യാത്രക്കാരോട് തമാശകളോ കമന്റുകളോ ലൈംഗിക ചുവയുള്ള പരാമർശങ്ങളോ നടത്തരുത്. സ്ത്രീകൾക്കായി പ്രത്യേകം നിർദ്ദേശിച്ചിരിക്കുന്ന ഇരിപ്പിടങ്ങളിൽ പുരുഷന്മാർ ഇരുന്നാൽ അവരെ മാറ്റി ഇരുത്തേണ്ട ചുമതലയും കണ്ടക്‌ടർ നിർവഹിക്കണം.  

അനുമതിയില്ലാതെ സ്ത്രീകളുടെ ഫോട്ടോയോ വീഡിയോ എടുക്കുന്നതും നിയമവിരുദ്ധമാണ്. ബസിലെ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഏത് പ്രവര്‍ത്തിയിലും കണ്ടക്ടര്‍ക്ക് ഇടപെടാവുന്നതാണ്. പോലീസിൽ പരാതിപ്പെടാം. കൂടാതെ യാത്രക്കാര്‍ക്ക് പരാതി രേഖപ്പെടുത്തുന്നതിനുള്ള ഒരു പുസ്തകം ബസില്‍ സൂക്ഷിക്കണമെന്നും പുതിയ നിയമഭേദഗതിയിൽ പറയുന്നു. ആവശ്യം വരുമ്പോള്‍ ഇത് പൊലീസിനോ മോട്ടോര്‍ വാഹനവകുപ്പിനോ പരിശോധനയ്ക്ക് നല്‍കണമെന്നും നിയമത്തില്‍ പറയുന്നു.