ദേശീയ പതാകയ്ക്കൊപ്പം കരുണാനിധി; മുഖചിത്രം മാറ്റി സ്റ്റാലിൻ

പിതാവും മുൻ ഡി.എം.കെ ആചാര്യനുമായ എം. കരുണാനിധി ദേശീയ പതാക ഉയർത്തിയ ചിത്രം സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പ്രൊഫൈൽ ആക്കി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 'ഹർ ഘർ തിരംഗ' സോഷ്യൽ മീഡിയ കാംപയിനിനാണ് സ്റ്റാലിന്‍റെ പ്രതികരണം.

'1974ൽ കലൈഞ്ജറാണ്(കരുണാനിധി) ആഗസ്റ്റ് 15ന് മുഖ്യമന്ത്രിമാർക്ക് (ദേശീയ)പതാക ഉയർത്താനുള്ള അവകാശം ഉറപ്പാക്കിയത്' എന്ന കുറിപ്പോട് കൂടിയാണ് സ്റ്റാലിന്‍ പ്രൊഫൈൽ ചിത്രം പങ്കിട്ടത്. 

കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ഡി.പി ദേശീയപതാകയുടെ ചിത്രമാക്കിയത്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന ഘട്ടത്തിൽ എല്ലാവരും പ്രൊഫൈൽ ചിത്രങ്ങൾ ദേശീയപതാകയാക്കി ഹര്‍ ഘര്‍ തിരംഗ ക്യാമ്പയിനില്‍ ഭാഗമാകണമെന്ന് ആഹ്വാനം ചെയ്തിരുന്നു. 

മോദിയുടെ ആഹ്വാനത്തിനു ചുവടുപിടിച്ച് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോഷ്യൽ മീഡിയ പ്രൊഫൈൽ ചിത്രങ്ങൾ മാറ്റി. എന്നാൽ, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ദേശീയപതാക പിടിച്ചുനിൽക്കുന്ന ചിത്രമായിരുന്നു രാഹുലും പ്രിയങ്കയും മുഖചിത്രമാക്കിയത്.