‘4.13 കോടി ജനത്തിന് ഒരു സിലിണ്ടർ വാങ്ങാൻ ശേഷിയില്ല’; വീണ്ടും ഉന്നമിട്ട് വരുൺ ഗാന്ധി

ബിജെപി എംപിയായി തുടർന്നു കാെണ്ടുതന്നെ കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ച് മുന്നോട്ടുപോവുകയാണ് വരുൺ ഗാന്ധി. അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലും ട്വീറ്റുകളിലും കേന്ദ്രസർക്കാരിനെ അതിരൂക്ഷമായി വിമർശിക്കുകയാണ്. ഇപ്പോഴിതാ രാജ്യത്തെ 4.13 കോടി ജനങ്ങൾക്കും ഒരു സിലിണ്ടർ പോലും വാങ്ങാൻ ശേഷിയില്ലെന്ന് അദ്ദേഹം ട്വിറ്ററിൽ പറയുന്നു.

‘കഴിഞ്ഞ അഞ്ച് വർഷമായി രാജ്യത്തെ 4.13 കോടി ആളുകൾക്കും ഒരു സിലിണ്ടർ പോലും വാങ്ങാൻ ശേഷിയില്ല. 7.67 കോടി പേർ ഒരു തവണ മാത്രമാണ് സിലിണ്ടർ റീഫിൽ​ ചെയ്തത്. ഗ്യാസ് വില ഉയരുന്നതും സബ്സിഡികൾ വെട്ടിക്കുറച്ചതും ഈ പാവങ്ങളെ ബാധിച്ചു. ഇപ്പോൾ 'ശുദ്ധമായ ഇന്ധനം, മെച്ചപ്പെട്ട ജീവിതം' എന്ന ഉറപ്പ് നടപ്പിലായി’ കേന്ദ്രത്തെ പരിഹസിച്ച് അദ്ദേഹം കുറിച്ചു. കണക്കുകളും പങ്കുവച്ചാണ് അദ്ദേഹത്തിന്റ ഈ പരിഹാസം. ഗംഗാ നദിയുടെ പുനരുദ്ധാരണത്തിനും ശുചീകരണത്തിനായി കോടിക്കണക്കിനു രൂപ മുടക്കിയിട്ടും എന്തുകൊണ്ടാണ് ഗംഗാ നദി മലിനമാകുന്നത് എന്ന ചോദ്യം ദിവസങ്ങൾക്ക് മുൻപ് വരുൺ ഉയർത്തിയിരുന്നു.

ഇത്തരത്തിൽ പാർട്ടിയിൽ തുടർന്നുെകാണ്ട് ബിജെപിയെ കടന്നാക്രമിച്ച് വരുൺ ഗാന്ധി മുന്നോട്ടുപോകുന്നതോടെ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി അദ്ദേഹത്തിന് സീറ്റ് നൽകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. വരുണിന്റെ രാഷ്ട്രീയ നീക്കങ്ങൾ കോൺഗ്രസും വിലയിരുത്തുന്നുണ്ട്.