ഏകനേതൃത്വം വേണം; ഒപിഎസിന് നേരെ കൂക്കിവിളി; അണ്ണാഡി.എം.കെ യോഗം അലസിപ്പിരിഞ്ഞു

ഏകനേതൃത്വമെന്ന ആവശ്യം ശക്തമായിരിക്കെ ചെന്നൈയില്‍ ചേര്‍ന്ന അണ്ണാഡി.എം.കെ.  ജനറല്‍ കൗണ്‍സില്‍ യോഗം അലസിപ്പിരിഞ്ഞു. ബഹളത്തെ തുടര്‍ന്ന് കോ–ഓര്‍ഡിനേറ്റര്‍ ഒ.പനീര്‍സെല്‍വം ഇറങ്ങിപ്പോവുകയായിരുന്നു. അടുത്തമാസം 11നു വീണ്ടും ജനറല്‍ കൗണ്‍സില്‍ ചേരുമെന്ന് എടപ്പാടി പളനിസാമി  വിഭാഗം അവകാശപ്പെട്ടെങ്കിലും ഡെപ്യൂട്ടി കോ–ഓര്‍ഡിനേറ്റര്‍ വൈദ്യലിംഗം എതിര്‍ത്ത് രംഗത്തെത്തിയതോടെ അനിശ്ചിതത്വത്തിലായി.

ജനറല്‍ സെക്രട്ടറി തിരഞ്ഞെടുപ്പ് അടക്കമുള്ള അജണ്ടയിലില്ലാത്ത വിഷയങ്ങള്‍  കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിക്കുന്നത് ഇന്നലെ അര്‍ദ്ധരാത്രി ചേര്‍ന്ന മദ്രാസ് ഹൈക്കോടതിയുടെ അടിയന്തര സിറ്റിങ് തട‍ഞ്ഞതാണു  ഒ.പനീര്‍സെല്‍വത്തിനു രക്ഷയായത്.

ഇതിന്റെ ബാക്കിയാണ് ഒ.പി.എസ് യോഗവേദിയിലേക്ക് എത്തിയപ്പോൾ കണ്ടത്. തണപ്പുന്‍ സ്വീകരണത്തിനു പുറമെ കോ ഓർഡിനേറ്ററുടെ വാഹനം ബലമായി യോഗവേദിക്കു പുറത്തുനിന്നു എടുത്തു മാറ്റിച്ചു

 യോഗ ഹാളിെലത്തിയ പനീര്‍സെല്‍വത്തെ വരവേറ്റത് കൂക്കിവിളിയാണ്. ചിലര്‍ ശകാരവര്‍ഷം നടത്തി. ഏകനേതൃത്വം വേണെന്ന മുദ്രാവാക്യം വിളികള്‍  ഉയര്‍ന്നു. ജനറല്‍ കൗണ്‍സില്‍ അംഗങ്ങളില്‍ ചിലര്‍ സ്ഥാനമൊഴിഞ്ഞ്, ഇറങ്ങിപ്പോകാന്‍ വരെ ഒ.പി.എസിനോട് ആവശ്യപ്പെട്ടു. 

എടപ്പാടി പളനിസാമി യോഗ ഹാളിലെത്തിയതോടെ അനുയായികൾ ബഹളം തുടങ്ങി.ഏക നേതൃത്വമെന്ന തീരുമാനത്തിന് അപ്പുറം ഒന്നും സ്വീകാര്യമല്ലന്നു പറഞ്ഞു മുൻ നിയമമന്ത്രി സി.വി. ഷൺമുഖമാണു ബഹളത്തിനു തുടക്കമിട്ടത്. ഏക നേതൃത്വത്തിലേക്കു മാറുന്നതിനായി എപ്പോഴാണോ ജനറല്‍ കൗണ്‍സില്‍ ചേരുന്നത് അപ്പോള്‍ മാത്രമേ കോ–ഓര്‍ഡിനേറ്ററെ അംഗീകരിക്കൂവെന്നു മുന്‍മന്ത്രിമാരടക്കമുള്ളവര്‍ വ്യക്തമാക്കിയതോടെ പനീര്‍സെല്‍വം യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. അടുത്തമാസം 11നു വീണ്ടും കൗണ്‍സില്‍ എന്ന് ഇ.പി.എസ് വിഭാഗം അവകാശപ്പെട്ടെങ്കിലും കോ–ഓര്‍ഡിനേറ്റര്‍ ഒപ്പിടാതെ നിയമപരമായി യോഗം വിളിക്കാനാവില്ല. ജയലളിതയുടെ മരണത്തിനു തൊട്ടുപിറകെ കൊണ്ടുവന്ന ഇരട്ട നേതൃത്വമെന്ന രീതി അവസാനിപ്പിക്കണമെന്നാണു മുന്‍മുഖ്യമന്ത്രിയായ എടപ്പാടി പളനിസാമി ആവശ്യപ്പെടുന്നത്. കോ–ഓര്‍ഡിനേറ്ററായ ഒ.പനീര്‍സെല്‍വത്തിന്റെ ഒപ്പില്ലാതെ പാര്‍ട്ടി ഭരണഘടന ഭേദഗതി ചെയ്യാന്‍ കഴിയാത്തതാണു നിലവിലെ പ്രശ്നങ്ങള്‍ക്കു കാരണം.