പൊലീസുകാര്‍ക്ക് നേരെ തുപ്പി കോണ്‍ഗ്രസ് നേതാവ്; എന്ത് നടപടിയെന്ന് ബിജെപി

രാഹുല്‍ ഗാന്ധിയെ ഇ.ഡി. ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ നടത്തിയ സമരത്തിനിടെ പൊലീസുകാര്‍ക്ക് നേരെ തുപ്പി മഹിള കോണ്‍ഗ്രസ് നേതാവ് നെറ്റ ഡിസൂസ. പ്രതിഷേധവുമായെത്തിയവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം. പൊലീസ് വാഹനത്തിലേക്ക് കയറ്റിയ നെറ്റ ഡിസൂസ വാഹനത്തിന്റ പടിയില്‍ നിന്ന് പൊലീസുകാര്‍ക്കു നേരെ തുപ്പുകയായിരുന്നു.

സംഭവത്തില്‍ പ്രതികരണവുമായി ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവല രംഗത്തുവന്നിട്ടുണ്ട്. 'അസമില്‍ വെച്ച് പൊലീസിനെ മര്‍ദിക്കുകയും ഹൈദരാബാദില്‍ വെച്ച് പൊലീസിന്റെ കോളറില്‍ പിടിക്കുകയും ചെയ്തതിന് ശേഷം മഹിള കോണ്‍ഗ്രസ് നേതാവ് ഡല്‍ഹിയില്‍ വനിതാ പൊലീസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ തുപ്പുന്നു. ഇത് അങ്ങേയറ്റം അപമാനകരവും അറപ്പുളവാക്കുന്നതുമായ സംഭവമാണ്. അഴിമതി കേസില്‍ രാഹുലിനെ ചോദ്യം ചെയ്യുന്നതുകൊണ്ടാണോ ഇത്? രാഹുല്‍ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ മഹിള കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി സ്വീകരിക്കുമോ?'– എന്ന് ഷെഹ്‌സാദ് പൂനാവല  ട്വീറ്റ് ചെയ്തു.

അതേസമയം വിഷയത്തില്‍ കോണ്‍ഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഡല്‍ഹി പൊലീസിന്റെ വിശദീകരണവും വിഷയത്തില്‍ പുറത്തുവന്നിട്ടില്ല. ഡല്‍ഹി-ഗുവാഹത്തി ഇന്‍ഡിഗോ വിമാനത്തില്‍ വച്ച് സ്മൃതി ഇറാനിയുമായി തര്‍ക്കിച്ച് നേരത്തെയും നെറ്റ ഡിസൂസ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.