ഓടുന്ന ആഡംബര കാറുകൾക്ക് മുകളിൽ വിവാഹാഘോഷം, 2.02 ലക്ഷം പിഴ: വിഡിയോ

പലവിധ മാർഗങ്ങളിലൂടെ വിവാഹങ്ങൾ അവിസ്മരണീയമാക്കാൻ ആളുകൾ ശ്രമിക്കാറുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ ലൈക്കുകളും ഷെയറുകളും വാരിക്കൂട്ടാനാണ് പല പരിപാടികളും വരന്റെയും വധുവിന്റെയും ആൾക്കാർ ആസൂത്രണം ചെയ്യുന്നത്. എന്നാൽ യൂപിയിൽ ആഘോഷത്തിന് മാറ്റുകൂട്ടാൻ കാണിച്ച പരിപാടി വൈറലായതിനെ തുടർന്ന് വെട്ടിലായിരിക്കുകയാണ് വരനും കൂട്ടുകാരും.

വരനും കൂട്ടുകാരും ഓടുന്ന കാറുകളുടെ മുകളിൽ ഇരുന്ന് യാത്ര ചെയ്യുന്ന വിഡിയോ വൈറലായി. ഇത് ശ്രദ്ധയിൽ‌പെട്ട പൊലീസ് ഇവർക്ക് 2.02 ലക്ഷം രൂപ പിഴ ചുമത്തി. ഉത്തർപ്രദേശിലെ മസഫർനഗറിലാണ് സംഭവം. ഔഡി എ3, എ4, എ6, ‍ജഗ്വാർ എക്സ്‌എഫ്, മഹീന്ദ്ര സ്കോർപിയോ തുടങ്ങി 9 വാഹനങ്ങളിലാണ് അഭ്യാസം കാണിച്ചതെന്ന് പൊലീസ് പറയുന്നു.

ഹൈവേയിലൂടെ പോയ മറ്റൊരു യാത്രക്കാരനാണ് വിഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. വിഡിയോ തെളിവായി സ്വീകരിച്ചാണ് പൊലീസ് പിഴ ചുമത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്ന ഇത്തരം നിയമലംഘന വിഡിയോകൾ തെളിവായി സ്വീകരിച്ച് ഇതിനുമുമ്പും പൊലീസ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഈ സംഭവത്തിൽ ഇവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ടോയെന്ന് വ്യക്തമല്ല.