രാഷ്ട്രപതി തിരഞ്ഞെടുപ്പ് ചര്‍ച്ച; യോഗത്തിൽ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും പങ്കെടുക്കും

രാഷ്ട്രപതി തിരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്യാന്‍ നാളെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിളിച്ച യോഗത്തില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും പങ്കെടുക്കും. പ്രതിപക്ഷത്തിന്‍റെ െപാതുസ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ എന്‍സിപി നേതാവ് ശരദ് പവാര്‍ ഡല്‍ഹിയിലെത്തി. സ്ഥാനാര്‍ഥിയാകാന്‍ താല്‍പര്യമില്ലെന്ന് പവാര്‍ ഇടതുനേതാക്കളെ അറിയിച്ചതായാണ് സൂചന. 

രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള ഇലക്ട്രല്‍ കോളേജില്‍ ഭരണകക്ഷിക്ക് ഭൂരിപക്ഷത്തിന് നേരിയ കുറവുള്ളതിനാല്‍ പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്തി മല്‍സരം കടുപ്പിക്കണമെന്ന നിലപാടിലാണ് പ്രതിപക്ഷം. മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബിലാണ് യോഗം. മമതയുടെ മേധാവിത്വത്തിന്‍റെ പേരില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ ആദ്യം വിമുഖത കാണിച്ച കോണ്‍ഗ്രസ് ഒടുവില്‍ വഴങ്ങി. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജയറാം രമേശ്, രണ്‍ദീപ് സിങ് സുര്‍ജെവാല എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. കൂടിയാലോചനകളില്ലാതെയാണ് മമത യോഗം വിളിച്ചതെന്ന് വിമര്‍ശനമുണ്ടെങ്കിലും പ്രതിപക്ഷ െഎക്യം പാളാതിരിക്കാന്‍ സിപിഎമ്മും യോഗത്തിനെത്തും. എളമരം കരീമാണ് പങ്കെടുക്കുക. ശരദ് പവാറിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ഡിഎംകെയും ശിവസേനയും തൃണമൂല്‍ കോണ്‍ഗ്രസും ആവശ്യപ്പെട്ടിട്ടുണ്ട്. മമത ബാനര്‍ജിയും സീതാറാം യച്ചൂരിയും ഡി രാജയും പവാറുമായി ചര്‍ച്ച നടത്തി. മല്‍സരിക്കാന്‍ പവാറിന് താല്‍പര്യമില്ല. പാവര്‍ പിന്‍വാങ്ങിയാല്‍ ഗുലാംനബി ആസാദ്, യശ്വന്ത് സിന്‍ഹ, ഗോപാല്‍കൃഷ്ണ ഗാന്ധി എന്നിവരെ പരിഗണിച്ചേക്കും. 

സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ ബിജെപിയും ആരംഭിച്ചു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഢയും വിവിധ നേതാക്കളുമായി ചര്‍ച്ച ആരംഭിച്ചു.