'ബിജെപി പാപങ്ങൾ ചെയ്യും’; പ്രവാചക നിന്ദ അക്രമങ്ങള്‍ക്ക് പിന്നാലെ മമത

പ്രവാചക നിന്ദയുടെ പേരിൽ പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിലെ പഞ്ച്ല ബസാറിൽ പോലീസും പ്രതിഷേധക്കാരും തമ്മിൽ ഇന്നും സംഘർഷം. കഴിഞ്ഞ ദിവസം ഇവിടെ ബിജെപിയുടെ ഓഫീസുകൾ തകർക്കുകയും കത്തിക്കുകയും ചെയ്തിരുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു. അക്രമത്തിന് പിന്നിൽ ചില രാഷ്ട്രീയ പാർട്ടികളാണെന്ന് മമത ആരോപിക്കുകയും ചെയ്തു. 

'ഇത് ഞാൻ നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഹൗറയിൽ അക്രമ സംഭവങ്ങൾ നടക്കുകയാണ്. ഇത് മൂലം ജനങ്ങളുടെ ദൈനംദിന ജീവിതം ദുരിതത്തിലായി. ചില രാഷ്ട്രീയ പാർട്ടികളാണ് ഇതിന് പിന്നിൽ. അവർ കലാപമുണ്ടാക്കാൻ ശ്രമിക്കുന്നു.എന്നാൽ സർക്കാർ ഇത് വെച്ചുപൊറുപ്പിക്കില്ല, എല്ലാവർക്കുമെതിരെ കർശന നടപടിയെടുക്കും. ബിജെപി പാപങ്ങൾ ചെയ്യും, ജനങ്ങൾ കഷ്ടപ്പെടും'. മമത ബാനർജിയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു. 

വെള്ളിയാഴ്ചയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് ഹൗറ പോലീസ് ഇന്നലെ രാത്രി മുതൽ 70 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ 144 പ്രഖ്യാപിച്ചിരിക്കുകയാണ്. ചിലയിടങ്ങളിൽ ഇത് ജൂൺ പതിനഞ്ച് വരെ നീട്ടുകയും ചെയ്തിട്ടുണ്ട്. 

സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് ബിജെപി എംപിയും പശ്ചിമ ബംഗാൾ ബിജെപി വൈസ് പ്രസിഡന്റുമായ സൗമിത്ര ഖാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു.