റാന്‍സംവെയര്‍ ആക്രമണം; താറുമാറായി സ്‌പൈസ്‌ജെറ്റ്‌ സര്‍വീസ്; രൂക്ഷവിമർശനം

റാന്‍സംവെയര്‍ ആക്രമണം മൂലം സ്‌പൈസ്‌ജെറ്റ്‌ വിമാനങ്ങളുടെ സര്‍വീസ് സമയത്തിൽ മാറ്റം. ഇന്ന് രാവിലെയാണ് കമ്പ്യൂട്ടർ നെറ്റ്‌വർക്കുകള്‍ താറുമാറാക്കുന്ന പ്രോഗ്രാമുകള്‍ ഉപയോഗിച്ചുള്ള റാന്‍സംവെയര്‍ ആക്രമണം സ്‌പൈസ്‌ജെറ്റിന് നേരിടേണ്ടി വന്നത്. വിമാനങ്ങളുടെ സർവീസിനെ ഇത് സാരമായി തന്നെ ബാധിച്ചു. വിവിധ വിമാനത്താവളങ്ങളിലായി സ്‌പൈസ്‌ ജെറ്റ് യാത്രക്കാർ കുടുങ്ങി. പലരും ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ വിശദീകരണവുമായി സ്‌പൈസ്‌ജെറ്റ്‌ രംഗത്തെത്തി. 

'സ്‌പൈസ്‌ജെറ്റിന്റെ ചില സിസ്റ്റങ്ങളിൽ റാന്‍സംവെയര്‍ ആക്രമണമുണ്ടായി. ചില വിമാനങ്ങളുടെ സർവീസിൽ കാലതാമസം നേരിട്ടു. തങ്ങളുടെ ഐ.ടി. ടീം നിലവിലെ പ്രശ്നങ്ങൾ പരിഹരിച്ചു' എന്നായിരുന്നു സ്‌പൈസ്‌ജെറ്റ് അധികൃതരുടെ ഭാഗത്തുനിന്ന് വന്ന വിശദീകരണം. എന്നാൽ ഇപ്പോഴും വിമാനത്താവളങ്ങളില്‍ കുടുങ്ങി കിടക്കുകയാണെന്ന പ്രതികരണവുമായി യാത്രക്കാരും മുന്നോട്ടു വന്നു.

'പ്രശ്നങ്ങള്‍ പരിഹരിച്ചോ? 3 മണിക്കൂറും 45 മിനിറ്റുമായി ഞങ്ങളിവിടെ കുടുങ്ങിക്കിടക്കാൻ തുടങ്ങിയിട്ട്. ഇതുവരെ ഒന്നുമായിട്ടില്ല. വിമാനത്താവളത്തിലല്ല, വിമാനത്തിൽ ഇരിക്കുകയാണ്. പ്രഭാതഭക്ഷണമില്ല, പ്രതികരണവുമില്ല' എന്ന് യാത്രക്കാരിലൊരാൾ വിമാനത്തിനുള്ളിലെ വീഡിയോയടക്കം പങ്കുവെച്ചുകൊണ്ട്  ട്വീറ്റ് ചെയ്തു.

സ്‌പൈസ്‌ജെറ്റിന്റെ സേവനം വളരെ മോശമാണെന്നും പലരും പ്രതികരിച്ചിട്ടുണ്ട്. അസുഖമുള്ളവരടക്കം വിമാനങ്ങളിൽ കുടുങ്ങിയതോടെ വലിയ വിമർശനമാണ് സ്‌പൈസ്‌ജെറ്റിനു നേരെ ഉയര്‍ന്നത്.