ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിടാൻ കർമ്മ സമിതി; ആദ്യ യോഗം ചേർന്ന് കോൺഗ്രസ്

ലോക് സഭ തെരഞ്ഞെടുപ്പിനെ നേരിടുന്നതിന് കർമ്മ സമിതി  രൂപീകരിച്ച് മണിക്കൂറുകൾക്കകം ആദ്യ യോഗം ചേർന്ന് കോൺഗ്രസ്. എട്ടംഗ സമിതിയിൽ പ്രിയങ്ക ഗാന്ധി അടക്കമുള്ളവർക്കൊപ്പം തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കോനുഗോലുവും ഇടം പിടിച്ചു. ദേശീയ തലത്തില്‍ സോണിയഗാന്ധിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ കാര്യസമിതിയും രൂപീകരിച്ചു. ഭാരത് ജോഡോ യാത്രയുടെ തയ്യാറെടുപ്പുകള്‍ക്കായും സമിതി രൂപീകരിച്ചിട്ടുണ്ട്.

2024 ലോക്സഭ തിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ നേരത്തെ ആരംഭിക്കണമെന്ന നേതാക്കളുടെ നിർദേശവും ചിന്തൻ ശിബിരിലെ പൊതുവികാരവും ഉൾക്കൊണ്ട് മുന്നോട്ട് പോവുകയാണ് കോൺഗ്രസ്. പ്രിയങ്ക ഗാന്ധി, പി ചിദംബം, മുകുൾ വാസ്നിക്, ജയറാം രമേശ്, അജയ് മാക്കൻ, രൺദീപ്  സുർജെ വാല ,തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗോലു എന്നിവരാണ് കർമ്മ സമിതിയിൽ ഉള്ളത്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന് പകരക്കാരനായാണ് സുനിൽ കനുഗോലുവിനെ സമിതിയിൽ ഉൾപ്പെടുത്തിയതെന്ന ആരോപണങ്ങളെ സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തള്ളി.

സമിതി അംഗങ്ങൾക്ക്  സംഘടന, കമ്മ്യൂണിക്കേഷൻസ്, മീഡിയ,  സാമ്പത്തികം, തിരഞ്ഞെടുപ്പ് ഏകോപനം തുടങ്ങിയ ചുമതലകൾ നൽകും. ശേഷം ഉപസമിതികളും രൂപീകരിക്കും. അധ്യക്ഷ സോണിയ ഗാന്ധിയുടെ നേത്യത്വത്തിൽ എട്ടംഗ രാഷ്ട്രീയ കാര്യ സമിതിയും രൂപീകരിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, ഗുലാം നബി ആസാദ്, ആനന്ദ് ശർമ്മ തുടങ്ങിയവരാണ് സമിതി അംഗങ്ങൾ. ഇരു സമിതികളിലും  കെ സി വേണുഗോപാൽ അംഗമാണ്.

വിലക്കയറ്റം അടക്കമുള്ള മോദി സർക്കാരിന്റെ ജനദ്രോഹ നടപടി കൾ ഉയർത്തിക്കാട്ടാനായി നടത്തുന്ന ഭാരത് ജോഡോ യാത്രയുടെ ഏകോപനത്തിനും സമിതി രൂപീകരിച്ചു.ദിഗ് വിജയ് സിങ്, ശശി തരൂർ ,സച്ചിൻ പൈലറ്റ് തുടങ്ങിയവരാണ് സമിതിയിൽ ഉള്ളത്.