അസം പ്രളയക്കെടുതി; മരിച്ചവരുടെ എണ്ണം 18 ആയി; കനത്ത നാശം

നാല് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ അസം പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 18 ആയി.  31 ജില്ലകളിലാണ്  പ്രളയം കനത്തനാശം വിതച്ചത്.  ഏഴുലക്ഷം പേരെ പ്രളയം ബാധിച്ചുവെന്നാണ് കണക്ക്. വെള്ളപ്പൊക്കം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നുണ്ട്. 

അസമിലെ നഗോണ്‍ ജില്ലയിലാണ് പ്രളയം ഏറ്റവും കൂടുതല്‍ നാശംവിതച്ചിരിക്കുന്നത്. ഇവിെട മൂന്നരലക്ഷത്തോളം പേര്‍ ദുരിതത്തിലാണ്. കച്ചര്‍, ഹോജായ് എന്നിവയാണ് പ്രളയം തകര്‍ത്താടിയ മറ്റ് ജില്ലകള്‍. 283 ദുരിതാശ്വാസ ക്യാപുകളിലായി 74,907 പേരെ മാറ്റിപാര്‍പ്പിച്ചു. പ്രളയം തുടരുന്ന സാഹചര്യത്തില്‍ 214 പുതിയ ക്യാപുകള്‍ കൂടി സജീകരിക്കുന്നതായി അസം ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. സൈന്യവും  എന്‍ഡിആര്‍എഫും എസ്ഡിആര്‍എഫും  ചേര്‍ന്ന് പ്രളയബാധിത മേഖലകളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ ശ്രമം തുടരുകയാണ്. പലയിടങ്ങളിലും മണ്ണിടിച്ചല്‍ മൂലം റെയില്‍, റോഡ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. രണ്ടുദിവസം കൂടി അസമില്‍ മഴ തുടരുമെന്ന മുന്നറിയിപ്പുണ്ട്. അതേസമയം ഉത്തരാഖണ്ഡിലും അതിശക്തമായ മഴയാണ് പെയ്യുന്നത്. ചാര്‍ധാം തീര്‍ഥാടകര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.