തട്ടിച്ചത് 400 കോടിയിലേറെ; ഒടുവിൽ ക്ഷയരോഗം ബാധിച്ച് ജയിലിൽ മരണം

നിക്ഷേപകരെ വഞ്ചിച്ച് 400 കോടി രൂപ തട്ടിയ കേസിലെ പ്രധാന പ്രതി ക്ഷയരോഗം ബാധിച്ച് മരിച്ചു. 2010–ല കുപ്രസിദ്ധമായ സിറ്റി ബാങ്ക് തട്ടിപ്പു കേസിലെ പ്രതിയായ ശിവരാജ് പുരിയാണ് ഇന്നലെ ഡൽഹിയിലെ ആശുപത്രിയിൽ മരിച്ചത്. ഡൽഹി അതിർത്തിയിലുള്ള ഗുരുഗ്രാമിലെ ഭോണ്ട്സി ജയിലിലായിരുന്ന പുരിയെ അസുഖം കൂടിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട കേസിലായിരുന്നു ഇത്തവണ പുരി ജയിലിലായത്. ‌ഈ ജയിലിൽ ക്ഷയരോഗം മൂലം 18 ദിവസത്തിനുള്ളിൽ മരിക്കുന്ന മൂന്നാമത്തെ ആളാണ് പുരി.

ഗുരുഗ്രാമിലെ സിറ്റി ബാങ്ക് ബ്രാഞ്ചിൽ റിലേഷൻഷിപ്പ് മാനേജരായിരിക്കുമ്പോഴായിരുന്നു 400 കോടി രൂപയുടെ തട്ടിപ്പിനു കളമൊരുങ്ങിയത്. ധനികരെയും വമ്പൻ സ്ഥാപനങ്ങളെയുമൊക്കെ സമീപിച്ച് ആകർഷകമായ വാഗ്ദാനങ്ങൾ നൽകി നിക്ഷേപങ്ങൾ സ്വീകരിക്കുക എന്നതായിരുന്നു പുരിയുടെ ജോലി. ഇത്തരം ജോലികൾ ചെയ്യുന്ന മറ്റ് ആളുകളെ പോലെ നിർബന്ധ ബുദ്ധിക്കാരനായിരുന്നില്ല പുരിയെന്നും ആകർഷകമായി സംസാരിച്ച് ആളുകളെ എളുപ്പത്തിൽ പാട്ടിലാക്കാൻ കഴി‍ഞ്ഞിരുന്നുവെന്നും പണം നഷ്ടപ്പെട്ടവർ പിന്നീട് പ്രതികരിച്ചിരുന്നു. 

നിക്ഷേപം ലഭിച്ചു കഴിഞ്ഞാൽ ഇത് ഡൽഹി, ഗുരുഗ്രാം, കൊൽക്കത്ത തുടങ്ങിയിടങ്ങളിലായി തുറന്നിട്ടുള്ള വിവിധ ബാങ്കുകളിലെ അക്കൗണ്ടുകളിലേക്ക് ഈ പണം മാറ്റും. പിന്നാലെ പുരിയുടെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ഓഹരി നിക്ഷേപവുമായി ബന്ധപ്പെട്ട സ്ഥാപനത്തിലൂടെ ഓഹരി വിപണിയിൽ നിക്ഷേപിക്കുകയാണ് ചെയ്യുക. 405 കോടി രൂപയോളം ഇത്തരത്തിൽ പുരിയും അനുയായികളും ചേർന്ന് തട്ടിയെടുത്തു എന്നായിരുന്നു കേസ്.

2010–ൽ തന്നെ അറസ്റ്റിലായെങ്കിലും രണ്ടര വർഷത്തിനിടയിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം പുരിയെക്കുറിച്ച് വിവരമില്ലായിരുന്നു. തുടർന്ന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. അതിനിടെയാണ് ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ വീണ്ടും അറസ്റ്റിലാകുന്നത്. സമാനമായ നിരവധി തട്ടിപ്പുകൾ പുരിയും സംഘവും നടത്തിയിട്ടുണ്ടെന്ന പരാതികളും ഇതിനിടെ ഉയർന്നിരുന്നു. ഡൽഹി എൻസിആര്‍ മേഖലയിൽ നിരവധി സ്വത്തുക്കളും ഇവർക്കുണ്ട്.