വീണ്ടും ബ്രഹ്മോസിന്റെ കരുത്തൻ; വിജയത്തുടക്കം; ഇന്ത്യയുടെ വജ്രായുധം

ബ്രഹ്മോസ് മിസൈലിന്റെ എക്സ്റ്റെൻഡഡ് റേഞ്ച് പതിപ്പ് ഇന്ത്യ സുഖോയ് സു-30 എംകെഐ യുദ്ധവിമാനത്തിൽ നിന്നും വിജയകരമായി വിക്ഷേപിച്ചു.  ആദ്യ ശ്രമത്തിൽ തന്നെ മിസൈൽ ബംഗാൾ ഉൾക്കടലിലെ നിയുക്ത ലക്ഷ്യത്തിൽ വിജയകരമായി പതിച്ചതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

'ബ്രഹ്മോസ് മിസൈലിന്റെ വിപുലീകരിച്ച പതിപ്പിന്റെ ആദ്യ വിക്ഷേപണമാണിത്. അതും സുഖോയ് സു-30 എംകെഐ യുദ്ധവിമാനത്തിൽ നിന്നും. വിമാനത്തിൽ നിന്നുള്ള വിക്ഷേപണം ആസൂത്രണം ചെയ്തതുപോലെ തന്നെ നടന്നു , മിസൈൽ ബംഗാൾ ഉൾക്കടലിലെ ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിച്ചു,' പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. വിമാനങ്ങളിൽ നിന്ന് കരയിലും കടലിലുമുള്ള ലക്ഷ്യത്തിൽ വളരെ ദൈർഘ്യമേറിയ റേഞ്ചുകളിൽ കൃത്യമായ സ്‌ട്രൈക്കുകൾ നടത്താനുള്ള കഴിവ് ഇന്ത്യൻ എയർ ഫോഴ്‌സ് കൈവരിച്ചതായും പ്രതിരോധ മന്ത്രാലയം കൂട്ടിച്ചേർത്തു. 

കരയിൽ നിന്നും വിമാനങ്ങളിൽ നിന്നും അന്തർവാഹിനികളിൽ നിന്നും വിക്ഷേപിക്കാവുന്ന ഒരു സൂപ്പർ സോണിക്ക് ക്രൂയിസ് മിസൈൽ ആണ് ബ്രഹ്മോസ്. ഇന്ത്യയും റഷ്യയും തമ്മിലുള്ള സഹകരണത്തിലൂടെ വികസിപ്പിച്ചെടുത്ത ബ്രഹ്മോസ് ഇന്ത്യയുടെ ആയുധശാലയിലെ ഏറ്റവും നൂതനമായ ആയുധങ്ങളിൽ ഒന്നാണ്. ബ്രഹ്മോസ് എന്ന പേര് വന്നത് ഇന്ത്യയിലെ ബ്രഹ്മപുത്ര നദിയുടെയും റഷ്യയിലെ മോസ്‌ക്വ നദിയുടെയും പേരുകൾ ചേർത്താണ്. ശബ്ദത്തിന്റെ 2.8 മടങ്ങ് വേഗത കൈവരിക്കാൻ കഴിവുള്ളതാണ് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ. 

മാക് 5 നേക്കാൾ ഉയർന്ന വേഗതയിൽ പറക്കാൻ ലക്ഷ്യമിട്ടാണ് ഏറ്റവും പുതിയ പതിപ്പ് വികസിച്ചുകൊണ്ടിരിക്കുന്നത്. ഇവയെ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലുകൾ എന്ന് വിളിക്കുന്നു. ബ്രഹ്മോസിന്റെ എയർ-പ്ലാറ്റ്ഫോം വിജയകരമായി പരീക്ഷിച്ചത് തന്ത്രപരമായ ക്രൂയിസ് മിസൈൽ കര, കടൽ, വ്യോമ മേഖലകളിൽ ഇന്ത്യയെ കൂടുതൽ ശക്തിപ്പെടുത്തും.