തൊണ്ണൂറാം വാര്‍ഷികം പ്രൗഢ ഗംഭീരമാക്കി ഇന്ത്യന്‍ വ്യോമസേന

തൊണ്ണൂറാം വാര്‍ഷികം പ്രൗഢ ഗംഭീരമായി ആഘോഷിച്ച് ഇന്ത്യന്‍ വ്യോമസേന. ആഘോഷത്തിന്‍റെ ഭാഗമായി ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തും ശേഷിയും വിളിച്ചോതിയ അഭ്യാസപ്രകടനം ചണ്ഡീഗഡിലെ സുഖ്ന തടാകത്തിന് മുകളില്‍ നടന്നു. രാഷ്ട്രപതി ദ്രൗപതി മുര്‍മു മുഖ്യാതിഥിയായിരുന്നു. ഛണ്ഡീഗഡ് വ്യോമതാവളത്തില്‍ രാവിലെ നടന്ന ചടങ്ങില്‍ വ്യോമസേന തലവന്‍ വിആര്‍ ചൗധരി ആഘോഷങ്ങള്‍ക്ക് ഔദ്യോഗിക തുടക്കം കുറിച്ചു.

ചരിത്രത്തിലാദ്യമായി വ്യോമസേന ദിനത്തിലെ ഔദ്യോഗിക ആഘോഷ പരിപാടികള്‍ ഡല്‍ഹിക്ക് പുറത്ത്. തൊണ്ണൂറാം വാര്‍ഷികാഘോത്തിന് വ്യോമസേന തുടക്കം കുറിച്ചത് പുതുമകളോടെയായിരുന്നു. ചണ്ഡീഗഡിലെ വ്യോമതാവളത്തില്‍ പരേഡോടെ ആഘോഷം ആരംഭിച്ചു. മുഖ്യാതിഥിയായ വ്യോമസേന മേധാവി എയര്‍ചീഫ് മാര്‍ഷല്‍ വി.ആര്‍ ചൗധരി ജനറല്‍ സല്യൂട്ട് സ്വീകരിച്ചു.  തുടര്‍ന്ന് എര്‍ഫോഴസ് പോരാളികളുടെ അഭ്യാസ പ്രകടനങ്ങളും ചടങ്ങില്‍ നടന്നു. ആഘോഷ പരിപാടികളിലെ മുഖ്യ ആകര്‍ഷണമായ വ്യോമാഭ്യാസ പ്രകടനം സുഖ്ന തടാകത്തിന് മുകളില്‍ വൈകിട്ട് മൂന്ന് മണിക്കാണ് ആരംഭിച്ചത്. രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയവര്‍ സാക്ഷികളായി.

ഇന്ത്യന്‍ നിര്‍മിത തേജസ്, റഫാല്‍, സുഖോയ് 30, മിഗ് 29, മിഗ് 21 തുടങ്ങിയ അത്യാധുനിക ഫൈറ്റര്‍ ജറ്റുകളും എല്‍.എച്ച്.രുദ്ര, എല്‍.സിഎച്ച് പ്രഛണ്ഡ് തുടങ്ങിയ ഇന്ത്യന്‍ അറ്റാക്കിങ് ഹെലികോടപ്ടറുകളുമുള്‍പ്പെടേ 80 വിമാനങ്ങള്‍ അഭ്യാസപ്രകടനത്തില്‍ പങ്കെടുത്തു. ഏറോബാറ്റിക്സ് ഡെമോന്‍സ്ട്രേഷന്‍ ടീമായ സൂര്യകിരണിും ഹെലികോപ്ടര്‍ എയര്‍ ഡിസ്പ്ലേ ടീമായ സാരംഗും സുഖ്നാ തടകാത്തിന് മുകളില്‍ വിസ്മയം തീര്‍ത്തു. ഏറ്റവും ഒടുവില്‍ റഫാലിന്‍റെ വെര്‍ട്ടിക്കല്‍ ചാര്‍ളി പ്രകടനത്തോടെയാണ് വ്യോമാഭ്യാസത്തിന് സമാപനമായത്.