പൊതുമുതൽ നശിപ്പിച്ചാൽ വെടിവയ്ക്കാം; കലാപം നേരിടാൻ ലങ്കയിൽ സൈന്യമിറങ്ങി

ആഭ്യന്തര കലാപം രൂക്ഷമായ ശ്രീലങ്കയില്‍ പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ സൈന്യത്തെ ഇറക്കി. പൊതുമുതല്‍ നശിപ്പിക്കുന്നവരെ കണ്ടാല്‍ വെടിവയ്ക്കാനാണ് പ്രസിഡന്റിന്റെ ഉത്തരവ്. ഉച്ചയോടെ കൊളംബോയില്‍ കലാപം താല്‍ക്കാലികമായി ശമിച്ചു. അതിനിടെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ തിരക്കിട്ട ചര്‍ച്ചകള്‍ തുടങ്ങി. 

രാജപക്സെ സഹോദരന്‍മാരുടെതുള്‍പ്പെടെ ഭരണ കക്ഷി നേതാക്കളുടെ വസതികളും സ്ഥാപനങ്ങളും വന്‍തോതില്‍ തകര്‍ക്കപ്പെട്ടതോടെയാണ് പ്രസിഡന്റ് ഗോട്ടബയ രാജപക്ഷെ സൈന്യത്തിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയത്. പൊതുമുതല്‍‌ നശിപ്പിക്കുന്നവരെ കണ്ടാല്‍ വെടിവയ്ക്കാന്‍ നിര്‍ദേശം നല്‍കി. ഇതോടെ കവചിത വാഹനങ്ങളും ടാങ്കുകളും കൊളംബോയിലെ നിരത്തുകളില്‍ നിറഞ്ഞു. പിന്നാലെ പ്രതിഷേധക്കാര്‍ താല്‍ക്കാലികമായി പിന്‍വാങ്ങി. 

നിരത്തുകള്‍ വിജനമാണ്. കര്‍ഫ്യു ഉള്ളതിനാല്‍ കടകളൊന്നും തുറന്നിട്ടില്ല.  

അതിനിടെ സൈന്യത്തെ ഉപയോഗിച്ച് പ്രക്ഷോഭകരെ അടിച്ചമര്‍ത്താനുള്ള നീക്കത്തെ അമേരിക്ക ശക്തമായി അപലപിച്ചു.   പ്രക്ഷോഭത്തെ നേരിടാന്‍ ഇന്ത്യ പട്ടാളത്തെ അയച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കൊളംബോയിലെ ഇന്ത്യന്‍ ഹൈകമ്മിഷന്‍ തള്ളി. മഹിന്ദയടക്കമുള്ള രാഷ്ട്രീയക്കാരെ രക്ഷപെടാന്‍ സഹായിക്കില്ലെന്നും ആര്‍ക്കും അഭയം നല്‍കില്ലെന്നും ഹൈക്കമ്മിഷന്‍ അറിയിച്ചു.  അതിനിടെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം പ്രസിഡന്റ് ഗോട്ടബയ രാജപക്സെ ഊര്‍ജിതമാക്കി. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി ഓണ്‍ലൈനായി ചര്‍ച്ച നടത്തി. പ്രസിഡന്റിന്റെ അധികാരങ്ങള്‍ വെട്ടിക്കുറച്ച് പ്രധാനമന്ത്രിക്കും പാര്‍ലമെന്റിനും കൂടുതല്‍ അധികാരം നല്‍കുന്ന ഭരണഘടന ഭേദഗതിയും പരിഗണനയിലുണ്ട്.