പാൽ തിളപ്പിക്കാൻ‌ വെച്ചത് മറന്നു; പൊട്ടിത്തെറി; പിഞ്ചുകുഞ്ഞടക്കം രക്ഷപ്പെട്ടു

തമിഴ്നാട്ടിലെ കല്ലക്കുറിച്ചിയിൽ തലനാരിഴയ്ക്ക് മഹാദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട ആശ്വാസത്തിലും ഞെട്ടലിലുമാണ് ഒരു കുടുംബം.  വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. വീട്ടുകാരനായ രാജയും ഭാര്യയും 10 മാസം പ്രായമുള്ള മകനുമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. 

കഴിഞ്ഞദിവസം രാത്രി രാജയുടെ ഭാര്യ ഗ്യാസ് സ്റ്റൗവില്‍ പാല്‍ തിളപ്പിക്കാന്‍ വെച്ച ശേഷം അയല്‍വാസിയുടെ വീട്ടിലേക്ക് പോയതാണ് അപകടകാരണം. ഗ്യാസില്‍ പാല്‍ തിളപ്പിക്കാന്‍വച്ച കാര്യം യുവതി മറന്നുപോയി. ഉടന്‍ തന്നെ വൈക്കോല്‍ മേഞ്ഞ വീടിന് തീപിടിച്ചു. വീട്ടുകാരെയും അയല്‍വാസികളെയും അവിടെ നിന്ന് മാറ്റി. ഇതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തറിച്ചു.

കുടുംബാഗംങ്ങള്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കല്ലക്കുറുച്ചി ജില്ലയിലെ കല്‍വരയന്‍ മലയിലെ ആദിവാസി കോളനിയിലെ വീടുകളിലൊന്നിലാണ് സംഭവം