'കോവിഡ് രോഗികൾക്ക് പ്രത്യേക യോഗ, പ്രാണായാമം ക്ലാസുകൾ'; കേജ്​രിവാൾ

ഹോം ഐസലേഷനിൽ കഴിയുന്ന കോവിഡ് ബാധിതർക്കായി പ്രത്യേക യോഗ, പ്രാണായാമം ക്ലാസുകൾ സർക്കാർ തുടങ്ങുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. 'ഡൽഹി കി യോഗ്‌ശാല' എന്ന പദ്ധതി ആം ആദ്‌മി സർക്കാർ തുടങ്ങും. ആരോഗ്യരക്ഷയ്ക്ക് യോഗ നല്ലതാണ്. വീടുകളിൽ ഐസലേഷനിൽ കഴിയുന്ന കോവിഡ് ബാധിതർക്ക് യോഗ പരിപാടിയുടെ ലിങ്ക് അയയ്ക്കും'- കേജ്‌രിവാൾ വ്യക്തമാക്കി. 

'ഈ പദ്ധതിയുടെ ഭാഗമായി യോഗ പഠിപ്പിക്കാൻ ഒരു അധ്യാപകനെ/ അധ്യാപികയെ ചുമതലപ്പെടുത്തും. ഒരു മണിക്കൂർ വീതമുള്ള അഞ്ചു ക്ലാസുകൾ രാവിലെ 6നും ഉച്ചയ്ക്കു 12നുമിടയിൽ നടത്തും. വൈകുന്നേരം നാലിനും രാത്രി ഏഴിനുമിടയ്ക്കും ക്ലാസുകൾ  സഘടിപ്പിക്കും. കോവിഡ് ബാധിതർക്ക്  അവരുടെ  സൗകര്യപ്രദമായ  സമയം തിരഞ്ഞെടുക്കാം- കേജ്‌രിവാൾ കൂട്ടിച്ചേർത്തു. 

രാജ്യ തലസ്ഥാനത്തു കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതു വിലക്കിയിരുന്നു. രാജ്യത്തു ഏറ്റവും കൂടുതൽ പ്രതിദിന കോവിഡ് കേസുകൾ രേഖപ്പെടുത്തുന്നതിൽ ഡൽഹി രണ്ടാം സ്ഥാനത്തുണ്ട്.