ഒമൈക്രോൺ; ‘ആ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കൂ’; മോദിയോട് കേജ്​രിവാൾ

ഒമൈക്രോൺ കോവിഡ് വകഭേദം പടരുന്ന സാഹചര്യത്തിൽ, വൈറസ് ബാധ കണ്ടെത്തിയ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കണമെന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌‍രിവാൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണു കേജ്‍‌‌രിവാൾ ഇക്കാര്യം ആവശ്യപ്പെട്ടത്. കർശന പരിശോധന നടത്താൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ട്.

‘വളരെ പ്രയാസപ്പെട്ടാണു രാജ്യം കോവിഡിൽനിന്നു മുക്തി നേടുന്നത്. പുതിയ വകഭേദം ഇന്ത്യയിൽ പ്രവേശിക്കുന്നത് തടയാൻ സാധ്യമായതെല്ലാം ചെയ്യണം. ഒമൈക്രോൺ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങൾ വരുന്നത് നിർത്തണം’– കേജ്‌രിവാൾ ട്വീറ്റിൽ ചൂണ്ടിക്കാട്ടി. പുതിയ വൈറസ് വകഭേദത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ–ശാസ്ത്ര വിദഗ്ധരുടെ യോഗം തിങ്കളാഴ്ച വിളിക്കുമെന്നും കേജ്‌രിവാൾ പറഞ്ഞു.

ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ബി.1.1.529 വകഭേദം മറ്റ് 5 തെക്കേ ആഫ്രിക്കൻ രാജ്യങ്ങളിൽ കൂടി റിപ്പോർട്ട് ചെയ്തതോടെ ലോകമെങ്ങും ജാഗ്രതയിലാണ്. ബോട്സ്വാന, ലെസോത്തോ, എസ്വാട്ടീനി, സിംബാബ്‌വെ, നമീബിയ എന്നിവയാണ് ഈ രാജ്യങ്ങൾ. ഹോങ്കോങ്, ഇസ്രയേൽ, ബൽജിയം എന്നിവിടങ്ങളിലും പുതിയ വകഭേദം കണ്ടെത്തിയിരുന്നു.