ഈനാംപേച്ചിയെ വിൽക്കാന്‍ മൃഗക്കടത്തുകാർ; രക്ഷിച്ച് വനപാലകർ; വിഡിയോ

അന്ധവിശ്വാസത്തിന് പുറമേ മൃഗക്കടത്തുകാരും പിന്നാലെയുള്ള ജീവി വർഗത്തിലൊന്നാണ് ഈനാംപേച്ചികൾ. ലോകത്തിൽ ഏറ്റവുമധികം വേട്ടയാടപ്പെടുന്ന രണ്ടാമത്തെ മൃഗമാണെന്ന് കൂടി അറിയുമ്പോഴേ ആ വേട്ടയുടെ വ്യാപ്തി എത്രത്തോളമെന്ന് മനസിലാകുകയുള്ളൂ. ഒഡിഷയിലെ മയൂർഭഞ്ചിൽ നിന്ന് വനപാലകർ രക്ഷപെടുത്തിയ ഈനാംപേച്ചിയുടെ വിഡിയോ രാജ്യാന്തര ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത് നന്ദയാണ് മൃഗക്കടത്തുകാരിൽ നിന്ന് വനപാലകർ രക്ഷിച്ച ഈനാംപേച്ചിയുടെ വിഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്.

വളരെ അപൂർവമായാണ് കേരളത്തിൽ ഈനാംപേച്ചികളെ കാണുന്നത്. മുപ്പത് സെന്റീമീറ്റർ മുതൽ 100 സെന്റീമീറ്റർ വരെയാണ് ഈനാംപേച്ചിയുടെ നീളം. ശരീരത്തെ അപേക്ഷിച്ച് വളരെ ചെറിയ കണ്ണുകളായതിനാൽ ഈനാംപേച്ചികൾക്ക് കാഴ്ചശക്തി കുറവാണ്. ലോകത്താകെ എട്ടിനം ഈനാംപേച്ചികളാണുള്ളത്.  ഒരിനമൊഴിച്ച് ബാക്കിയെല്ലാം രാത്രി മാത്രമേ പുറത്തിറങ്ങുകയുള്ളൂ. കേൾവിശക്തിയും ഘ്രാണശക്തിയും അപാരമാണ്. നീളൻ നാവുപയോഗിച്ച് ചിതലുകളെയും ഉറുമ്പുകളെയും ഭക്ഷണമാക്കുകയാണ് പതിവ്. ചിതൽപ്പുറ്റുകളുടെയും മറ്റും സമീപം ഇവയുണ്ടാകുമെന്നുറപ്പുള്ള വേട്ടക്കാർ രാത്രിയിൽ കണ്ണിലേക്ക് ശക്തമായി വെളിച്ചമടിച്ച് നിർത്തി ഇവയെ കൊന്നൊടുക്കുകയാണ് ചെയ്യുക. ഈനാംപേച്ചികളെ പിടികൂടുന്നതും കടത്തുന്നതും ശിക്ഷാർഹമാണ്.