തിരിച്ചെത്തി രാത്രി തന്നെ പാര്‍ലമെന്‍റ് വളപ്പില്‍ മോദി; രോഷം പറഞ്ഞ് കോണ്‍ഗ്രസ്

പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ അപ്രതീക്ഷിത സന്ദര്‍ശനത്തെച്ചൊല്ലി രാഷ്ട്രീയ ഏറ്റുമുട്ടല്‍. യുഎസ് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ വിശ്രമമില്ലാതെ മോദി രാജ്യസേവനത്തില്‍ വ്യാപൃതനായെന്ന് ബിജെപി പ്രകീര്‍ത്തിച്ചു. കര്‍ഷകരുടെ പ്രതിഷേധസ്ഥലത്തുപോകാന്‍ പ്രധാനമന്ത്രിക്ക് സമയമില്ലെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. 

സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായുള്ള പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ നിര്‍മാണ സ്ഥലത്ത് ഇന്നലെ രാത്രി 8.45 ഒാടെയാണ് പ്രധാനമന്ത്രി എത്തിയത്. സന്ദര്‍ശനം സംബന്ധിച്ച് മുന്‍കൂട്ടിയുള്ള അറിയിപ്പോ, സുരക്ഷാക്രമീകരണങ്ങളോ ഉണ്ടായിരുന്നില്ല. തൊഴിലാളികളോടും ഉദ്യോഗസ്ഥരോടും സംസാരിച്ച  പ്രധാനമന്ത്രി ഒരുമണിക്കൂറോളം അവിടെ ചെലവിട്ടു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ പത്തിനാണ് തറക്കല്ലിട്ടത്. അടുത്തവര്‍ഷം നവംബറോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 971 കോടിരൂപ ചെലവിട്ടു നിര്‍മിക്കുന്ന പുതിയ മന്ദിരത്തിനു അറുപത്തിനാലായിരം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുണ്ട്. ലോക്സഭയില്‍ 888 അംഗങ്ങള്‍ക്കും രാജ്യസഭയില്‍ 384 അംഗങ്ങള്‍ക്കും ഇരിപ്പിടമുണ്ടാകും. യുഎസില്‍ 65 മണിക്കൂറിനിടെ 24 കൂടിക്കാഴ്ച്ച നടത്തി മടങ്ങിയെത്തിയ ഉടന്‍ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ നിര്‍മാണ പുരോഗതി വിലയിരുത്തിയ മോദി കര്‍മയോഗിയാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി വിശേഷിച്ചു. സാധാരണക്കാരുടെ വിഷയങ്ങള്‍ക്കല്ല മോദിക്ക് മുന്‍ഗണനയെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. പ്രതിഷേധിക്കുന്ന കര്‍ഷകരെയോ, കോവിഡിനെതിരായ പോരാട്ടം നയിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെയോ എന്തുകൊണ്ട് പ്രധാനമന്ത്രി കാണാന്‍ പോയില്ലെന്ന് കോണ്‍ഗ്രസ് ചോദിച്ചു.