മോദി-ബൈഡൻ ഉഭയകക്ഷി ചർച്ച; അഫ്ഗാന്‍ വിഷയം മുഖ്യ ചർച്ചയാകും

അഫ്ഗാന്‍ വിഷയവും ഭീകരഭീഷണിയും മോദി ബൈഡന്‍ ഉഭയകക്ഷി ചര്‍ച്ചയില്‍ മുഖ്യവിഷയമാകുമെന്ന് വിദേശകാര്യമന്ത്രാലയം. യുഎസ് വൈസ് പ്രസിഡന്‍റ് കമലാ ഹാരിസുമായി ആദ്യ ഉഭയകക്ഷി ചര്‍ച്ചയും മോദി നടത്തും. നിക്ഷേപം ലക്ഷ്യമിട്ട് അമേരിക്കന്‍ കമ്പനികളുടെ മേധാവിമാരെ മോദി കാണും. പ്രധാനമന്ത്രിയുടെ മൂന്ന് ദിവസത്തെ യുഎസ് സന്ദര്‍ശനത്തിന് നാളെ തുടക്കമാകും. 

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സര്‍ക്കാര്‍ രൂപീകരണത്തിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ണായക യുഎസ് സന്ദര്‍ശനം. ജോ ബൈഡന്‍ പ്രസിഡന്‍റായശേഷം മോദിയുമായുള്ള ആദ്യ ഉഭയകക്ഷി ചര്‍ച്ചയില്‍ ഇന്ത്യ യുഎസ് ബന്ധം ശക്തിപ്പെടുത്തല്‍, വ്യാപരം വര്‍ധിപ്പിക്കല്‍, പ്രതിരോധസഹകരണം, യുഎന്‍ അടക്കം രാജ്യാന്തരവേദികളുടെ ഘടനപരിഷ്ക്കരിക്കല്‍ എന്നിവ ചര്‍ച്ചയാകും. അഫ്ഗാന്‍ സാഹചര്യം, അതിര്‍ത്തികടന്നുള്ള ഭീകരത എന്നിവയ്ക്കാണ് ഉൗന്നല്‍. അഫ്ഗാന്‍റെ വികസനത്തിനൊപ്പം നില്‍ക്കുമെന്നും അഫ്ഗാന്‍ മണ്ണ് മറ്റുരാജ്യങ്ങള്‍ക്കെതിരായ ഭീകരതയ്ക്ക് താവളമാകരുതെന്നുമാണ് ഇന്ത്യയുടെ നിലപാട്. 

കോവിഡ് പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ബൈഡന്‍ വിളിച്ച പ്രത്യേക യോഗത്തിലും മോദി പങ്കെടുക്കും. ഇന്തോ പസഫിക് മേഖലയിലെയും ദക്ഷിണേഷ്യയിലെയും സുരക്ഷാസാഹചര്യം, വാക്സീന്‍ ഉല്‍പ്പാദന –വിതരണം, അടിസ്ഥാന സൗകര്യവികസനം എന്നിവ ക്വാഡ് കൂട്ടായ്മയില്‍ ചര്‍ച്ചചെയ്യും. ക്വാഡില്‍ അംഗങ്ങളായ ജപ്പാന്‍റെയും ഒാസ്ട്രേലിയയുടെയും രാഷ്ട്രനേതാക്കളുമായി മോദി പ്രത്യേകം കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. യുഎന്‍ പൊതുസഭയുടെ 76ാം സമ്മേളനത്തെ അഭിസംബോധന ചെയ്യും. യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗത്വമെന്ന ഇന്ത്യയുടെ ആവശ്യം മുന്നോട്ടുവയ്ക്കും. ദേശീയ സുരക്ഷ ഉപദേഷ്ടാവും പ്രധാനമന്ത്രിക്കൊപ്പമുണ്ട്.