വേഷം മാറി രോഗിയെ പോലെ ആരോഗ്യമന്ത്രി; ജീവനക്കാർ പിടിച്ച് ഇടിച്ചെന്ന് വെളിപ്പെടുത്തൽ

സാധാരണക്കാരനായി ഡല്‍ഹിയിലെ ആശുപത്രിയിലെത്തിയ തന്നെ സുരക്ഷാ ജീവനക്കാരന്‍ മര്‍ദിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍. ഒട്ടേറെ രോഗികളുടെ ദുരിതം കണ്ടെന്നും പ്രധാനമന്ത്രിയെ വിവരം ധരിപ്പിച്ചെന്നും മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയിലുണ്ടായ അനുഭവം അതേ ആശൂപത്രിയില്‍ വച്ചുതന്നെയാണ് മന്ത്രി വെളിപ്പെടുത്തിയത്. 

സഫ്ദര്‍ജങ് ആശുപത്രിയില്‍ ഒാക്സിജന്‍ പ്ലാന്‍റ് ഉള്‍പ്പെടെ ചികില്‍സ സൗകര്യങ്ങള്‍ ഉല്‍ഘാടനം ചെയ്യവെയാണ് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ആ വെളിപ്പെടുത്തല്‍ നടത്തിയത്. ആശുപത്രി സാഹചര്യങ്ങള്‍ വിലയിരുത്താന്‍ സാധാരണ രോഗിയുടെ വേഷത്തില്‍ മന്ത്രി എത്തിയിരുന്നു. ഗേറ്റില്‍വച്ച് സുരക്ഷാജീവനക്കാരന്‍ ഇടിച്ചതായും ബെഞ്ചില്‍ ഇരിക്കാന്‍ ശ്രമിച്ചപ്പോള്‍ അധിക്ഷേപിച്ചതായും മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. 

സ്ട്രെച്ചറും മറ്റ് ചികില്‍സാ സൗകര്യങ്ങളും കിട്ടാതെ ഒട്ടേറെ രോഗികള്‍ വലയുന്നതായി കണ്ടു. മകനുവേണ്ടി സ്ട്രെച്ചറിനായി ജീവനക്കാരോട് അപേക്ഷിക്കുന്ന 75കാരിയെ കണ്ടു. ഒരാള്‍ പോലും അവരുടെ സഹായത്തിനെത്തിയില്ല. തനിക്കുണ്ടായ ദുരനുഭവം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പങ്കുവെച്ചതായും ആരോഗ്യമന്ത്രി പറഞ്ഞു. മര്‍ദിച്ച സുരക്ഷാ ജീവനക്കാരനെ പുറത്താക്കിയോ എന്ന ചോദ്യത്തിന് വ്യവസ്ഥിതിയില്‍ മാറ്റമുണ്ടാകാതെ ഒരാളെ മാത്രം ശിക്ഷിച്ചിട്ട് കാര്യമില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.