കനത്തമഴയും വെള്ളപ്പൊക്കവും; ഗുജറാത്തിൽ മൂന്ന് മരണം

കനത്തമഴയില്‍ ഗുജറാത്തില്‍ മൂന്ന് മരണം. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കുടുങ്ങിയ 200ല്‍ അധികം പേരെ രക്ഷിച്ചു.  ജാംനഗര്‍, രാജ്കോട്ട്, ജുനഗഡ് എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ പ്രളയമേഖലകള്‍ സന്ദര്‍ശിച്ചു. ഛത്തീസ്ഗഢിലെ ഗരിയബന്ദിലും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്.

സൗരരാഷ്ട്ര മേഖലയെ ആണ് മഴക്കെടുതി സാരമായി ബാധിച്ചത്. ജാംനഗര്‍, രാജ്കോട്ട്, ജുനഗഡ് എന്നിവിടങ്ങളിലെ നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. ജാംനഗറിലെ 4200ഉം രാജ്കോട്ടിലെ 2400 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. വെള്ളപ്പൊക്കത്തെതുടര്‍ന്നും റോഡുകളും പാലങ്ങളും തകര്‍ന്നതിനെ തുടര്‍ന്നും കുടുങ്ങിയ ജാംനഗറിലെ 150ഉം രാജ്കോട്ടിലെ 56ഉം പേരെ വ്യോമസേന ഹെലികോപ്ടറുകളുപയോഗിച്ച് രക്ഷിച്ചു.  NDRF ഉം SDRFഉം വിവിധ സേനവിഭാഗങ്ങളും ഒരുമിച്ചാണ് രക്ഷാ പ്രവര്‍ത്തനം തുടരുന്നത്. 

ജാംനഗറിലെ ഒന്നും രാജ്കോട്ടിലെ 18ഉം റോഡുകള്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചു. ഫോഫല്‍ നദിക്ക് കുറുകെയുള്ള പാലം പൂര്‍ണമായി തകര്‍ന്നു.  മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ പ്രളയമേഖലകള്‍ സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗവും ചേര്‍ന്നു. 

18 വരെ മഴ തുടര്‍ന്നേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഛത്തീസ്ഗഢിലെ ഗരിയബന്ദിലും ജലാശയങ്ങള്‍ കരകവിഞ്ഞൊഴുകുകയാണ്.