പെട്രോളുമായി വന്ന ടാങ്കർ മറിഞ്ഞു; രക്ഷാപ്രവർത്തനം നടത്താതെ ഇന്ധനം ഊറ്റി ജനം

മദ്യം കയറ്റി വരുന്ന ലോറികൾ അപകടത്തിൽപ്പെടുമ്പോൾ മദ്യക്കുപ്പികൾ നാട്ടുകാർ മോഷ്ടിക്കുന്ന വാർത്തകൾ അടുത്തിടെയും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പെട്രോൾ കയറ്റി വന്ന ടാങ്കർ ലോറി മറിഞ്ഞപ്പോൾ നാട്ടുകാർ പെട്രോൾ ഉൗറ്റിക്കൊണ്ടുപോകുന്ന കാഴ്ചയാണ് മധ്യപ്രദേശിൽ. ഇന്ധനവില എല്ലാം പരിധിയും ലംഘിച്ച് മുന്നേറുമ്പോഴാണ് ഈ കാഴ്ച എന്നതും ശ്രദ്ധേയം. പരുക്കേറ്റ ഡ്രൈവറെ പോലും ആശുപത്രിയിലെത്തിക്കാതെയാണ് നാട്ടുകാർ പെട്രോൾ ഊറ്റിയത്.

കന്നാസുകളിലും കയ്യിൽ കിട്ടിയ പ്ലാസ്റ്റിക് കുപ്പികളിലുമായി നാട്ടുകാർ പെട്രോൾ ഊറ്റിയപ്പോൾ ഡ്രൈവറും സഹായിയും വൈദ്യസഹായം ലഭിക്കാതെ വാഹനത്തിൽ തന്നെ കിടന്നു. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ പൊഹ്റി എന്ന സ്ഥലത്താണ് സംഭവം. ഇവിടെ പെട്രോളിന് ലിറ്ററിന് 106 രൂപയാണ് വില.

ഗ്വാളിയോറിൽനിന്ന് ഷേപുരിലേക്ക് പോകുകയായിരുന്ന ടാങ്കർ ലോറി അമിത വേഗതയെ തുടർന്നാണ് അപകടത്തിൽപ്പെട്ടത്. പൊലീസ് എത്തിയെങ്കിലും പെട്രോൾ ഊറ്റുന്നതിൽനിന്നു നാട്ടുകാരെ തടയാനായില്ല. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിക്കുന്നു. 

പെട്രോൾ ലഭിക്കുമെന്നറിഞ്ഞ് സമീപ ഗ്രാമത്തിൽ നിന്നുപോലും ആളുകൾ ബൈക്കിൽ പെട്രോൾ ശേഖരിക്കാനായി എത്തി. നിലത്തേക്ക് ഒഴുകിയ പെട്രോൾ പലരും വെറും കൈകൾ കൊണ്ടും ചോർപ്പു കൊണ്ടും കൊണ്ടുവന്ന കുപ്പികൾക്കകത്ത് ആക്കാൻ ശ്രമിച്ചു. വിഡിയോ കാണാം.