റേഷൻ കാർഡില്ല, ആധാറില്ല; 2 മാസമായി പട്ടിണി; അമ്മയും 5 മക്കളും ആശുപത്രിയിൽ

Courtesy: NDTV

കഴിഞ്ഞ രണ്ട് മാസമായി ഭക്ഷണം ഇല്ലാതെ പട്ടിണികിടന്ന അമ്മയും 5 കുട്ടികളും ആശുപത്രിയിൽ. 45–കാരിയായ സ്ത്രീയും കുടുംബവുമാണ് ഉത്തർപ്രദേശിൽ ദുരിതത്തിലായത്. കുടുംബത്തിന്റെ അതിദാരുണ അവസ്ഥ മനസ്സിലാക്കിയ പ്രാദേശിക സന്നദ്ധ സംഘടന പ്രവർത്തകരാണ് ഇവരെ ആശുപത്രിയിലാക്കിയത്. ഈ കുടുംബത്തിന് റേഷൻ കാർഡോ ആധാർ കാർഡോ ഇല്ലെന്നും ഇത് ഞെട്ടിച്ചെന്നും അലിഗഡ് പൊലീസ് പറയുന്നുവെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. 

ഗുഡ്ഢി എന്ന് സ്ത്രീയുടെ ഭർത്താവ് കഴിഞ്ഞ വർഷത്തെ ലോക്ഡൗൺ കാലത്ത് മരണപ്പെട്ടിരുന്നു. അതിന് ശേഷം ദാരിദ്ര്യത്തിന്റെ നടുവിലായിരുന്നു കുടുംബം. കഴിഞ്ഞ രണ്ട് മാസമായി പൂർണമായും പട്ടിണിയിലാണ്. നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ് ഇവരെ കണ്ടെത്തിയത്. ഇവരുടെ മുതിർന്ന മകന് 20 വയസ്സാണുള്ളത്. മേസ്തിരി പണിക്ക് പോകുന്ന ഈ മകനായിരുന്നു ഇവരുടെ ഏക ആശ്രയം. പക്ഷേ ലോക്ഡൗൺ കാലം ആ വരുമാനവും ഇല്ലാതാക്കി. 

ഇവർക്ക് വേണ്ട പോഷകാഹാരം നൽകുന്നുണ്ടെന്നും അവരുടെ നില ഭേദമാകുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു. വീട്ടിലൊന്നും ഇല്ല. കുറച്ചു ദിവസങ്ങൾ അടുത്തുള്ള വീട്ടിലൊക്കെ പോയി ഭക്ഷണം വാങ്ങി കഴിച്ചു. പിന്നീട് അത് ലഭിക്കാതെയായി. റേഷൻ കടയിൽ പോയെങ്കിലും ഒന്നും ലഭിച്ചില്ല. റേഷൻ കാർഡില്ലായിരുന്നു. ഗുഡ്ഢി പറയുന്നു.