നെതന്യാഹുവിന് വലിയ നന്ദി; ബെനറ്റിനെ കാണാൻ ആഗ്രഹിക്കുന്നു: മോദി; ട്വീറ്റ്

ഇസ്രയേലിലെ പുതിയ പ്രധാനമന്ത്രി നഫ്താലി ബെനറ്റിനെ അഭിനന്ദിച്ചും ബെന്യമിൻ നെതന്യാഹുവിന് നന്ദി പറഞ്ഞും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ്. ഇന്ത്യ-ഇസ്രയേൽ തന്ത്രപരമായ പങ്കാളിത്തത്തിലേക്കുള്ള വ്യക്തിപരമായ ശ്രദ്ധക്കും വലിയ നന്ദി രേഖപ്പെടുത്തുന്നു എന്ന് നെതന്യാഹുവിനോട് മോദി പറഞ്ഞു.അടുത്ത വർഷം നയതന്ത്ര ബന്ധം മെച്ചപ്പെടുത്തിയതിന്റെ 30 വർഷങ്ങൾ ആഘോഷിക്കുന്ന വേളയിൽ ബെന്നറ്റിനെ കാണാനും തന്ത്രപരമായ പങ്കാളിത്തം ഒന്നുകൂടി വർദ്ധിപ്പിക്കാനും ആഗ്രഹിക്കുന്നതായും മോദി ട്വിറ്റിലൂടെ വ്യക്തമാക്കി.

ഇസ്രയേലിൽ, തീവ്രവലതുപക്ഷ നിലപാടുകാരനായ നഫ്താലി ബെനറ്റ് (49) പ്രധാനമന്ത്രിയായി പ്രതിപക്ഷ സഖ്യം അധികാരമേറ്റു. 12 വർഷം പ്രധാനമന്ത്രിയായിരുന്ന ബെന്യമിൻ നെതന്യാഹു (71) ഇനി പ്രതിപക്ഷത്ത്. ത്രിശങ്കു സഭ മൂലം രണ്ടു വർഷത്തിനിടെ 4 പൊതു തിരഞ്ഞെടുപ്പുകൾ നടന്ന ഇസ്രയേലിൽ ഇതോടെ പുതിയ രാഷ്ട്രീയ ചരിത്രത്തിനു തുടക്കമായി.

ഇടതു, വലതു, മധ്യ നിലപാടുകാരായ 8 കക്ഷികൾ അടങ്ങിയ സഖ്യത്തെ നയിക്കുന്ന ബെനറ്റ് ആദ്യരണ്ടു വർഷം പ്രധാനമന്ത്രിയായി തുടരും. വിവിധ കക്ഷികളെ ഒരുമിച്ചു കൂട്ടി സഖ്യസർക്കാരുണ്ടാക്കാൻ നേതൃത്വം നൽകിയ യയ്‌ർ ലപീദ് രണ്ടാം പകുതിയിൽ പ്രധാനമന്ത്രിയാകും. 

അഴിമതിക്കേസുകളിൽ വിചാരണ നേരിടുന്ന നെതന്യാഹു ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ തലവനായി പ്രതിപക്ഷത്തിരിക്കും. ഇസ്രയേലിന്റെ ചരിത്രത്തിൽ ഇതാദ്യമായി ഒരു അറബ് പാർട്ടിയും ഭരണസഖ്യത്തിന്റെ ഭാഗമാണ്.

നെതന്യാഹുവിനെക്കാൾ കടുത്ത നിലപാടുകാരനായ നഫ്താലി ബെനറ്റിന്റെ പാർട്ടിയായ യമിനയ്ക്കു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 7 സീറ്റുകളാണ് കിട്ടിയത്. ആർക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയിൽ കിങ് മേക്കറായി മാറിയ ബെനറ്റ് പ്രധാനമന്ത്രി സ്ഥാനം നേടുകയായിരുന്നു. 

കക്ഷിനിലയിൽ യമിനയ്ക്ക് അഞ്ചാം സ്ഥാനം. യമിന എന്നാൽ ഹീബ്രുവിൽ ‘വലത്തോട്ട്’ എന്ന് അർഥം.  വലതുപക്ഷ നിലപാടിന് വോട്ടു ചെയ്തവരെ ബെനറ്റ്  വഞ്ചിച്ചെന്നാണു നെതന്യാഹുവിന്റെ ആരോപണം. അറബ്, ഇടതു കക്ഷികൾ അംഗങ്ങളായ സർക്കാരിനെ താഴെയിറക്കി താൻ തിരിച്ചെത്തുമെന്നും അദ്ദേഹം ഇന്നലെ പാർലമെന്റിൽ പറഞ്ഞു.

തന്നെ ലോകനിലവാരമുള്ള ഭരണാധികാരിയായാണു നെതന്യാഹു സ്വയം വിശേഷിപ്പിച്ചിരുന്നത്. ട്രംപ് ഭരണകൂടവുമായി അടുത്ത ബന്ധം പുലർത്തിയ നെതന്യാഹു, റഷ്യ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായും വിവിധ അറബ്, ആഫ്രിക്കൻ രാഷ്ട്രത്തലവന്മാരുമായും സൗഹൃദം നിലനിർത്തി. എന്നാൽ ബൈഡൻ ഭരണകൂടവുമായി നെതന്യാഹു നല്ല ബന്ധത്തിലായിരുന്നില്ല.