‘മമത ബാനർജി സോഷ്യലിസത്തെ വിവാഹം ചെയ്യുന്നു’; സേലത്ത് വച്ച് കല്യാണം..

കഴിഞ്ഞ രണ്ടുദിവസമായി സമൂഹമാധ്യമങ്ങളിലടക്കം  വ്യാപകമായി പ്രചരിക്കുന്ന ഒരു വിവാഹ ക്ഷണക്കത്താണ് ഇപ്പോള്‍ തമിഴകത്തെ പ്രധാന ചര്‍ച്ച വിഷയം. വരുന്ന ഞായറാഴ്ച സോഷ്യലിസം മമതാ ബാനര്‍ജിയെ വിവാഹം കഴിക്കുന്നു.പേരിലെ ഈ വ്യത്യസ്തയ്ക്കു പിന്നില്‍ അതിലേറെ  കൗതുകമുള്ള കഥയുണ്ട്. സി.പി.ഐയുടെ സേലം ജില്ലാ സെക്രട്ടറി എം.മോഹന്റെ മകനാണ് എം.എ സോഷ്യലിസം. മകന്റെ വെറൈറ്റി പേരിന്റെ കഥ മോഹന്‍ പറയുന്നത് ഇങ്ങിനെയാണ്.

18–ാം വയസ് മുതല്‍ പാര്‍ട്ടിക്കൊപ്പമാണു മോഹന്റെ ജീവിതം.1991 ഡിസംബര്‍ 26നു, ഏറെ കാലമായി നടന്നുകൊണ്ടിരുന്ന സംഭവങ്ങളുടെ ഒടുക്കമായി സോവിയറ്റ് യൂണിയന്‍ തകര്‍ന്നു.കമ്യൂണിസത്തിന്റെ അവസാനമായെന്ന പ്രചാരണം ലോകത്താകെ നിറഞ്ഞു.കമ്യൂണിസം ജീവശ്വാസമായ ആയിരക്കണക്കിന് ആളുകളെ പോലെ മോഹനും ആകെ വിഷമിച്ചുപോയ ഘട്ടം.കമ്യൂണിസത്തെ തകര്‍ക്കാനാവില്ലെന്നു മനസിലുറപ്പിച്ച മഹോന്‍ മക്കള്‍ക്കു കമ്യൂണിസവുമായി ബന്ധപ്പെട്ട  പേരിടണമെന്നു തീരുമാനിച്ചു.ആദ്യകുഞ്ഞിനെ കമ്യൂണിസമെന്നു വിളിച്ചു.രണ്ടാമത്തെയാള്‍ ലെനിനിസം,മൂന്നാമന്‍  സോഷ്യലിസം.കമ്യൂണിസം സേലത്ത്  അഭിഭാഷകനാണ്.ലെനിനിസവും  സോഷ്യലിസവും  സേലത്ത് ആഭരണനിര്‍മാണ ശാല നടത്തുകയാണ്. അച്ഛന്റെ പാതയില്‍ തന്നെയാണു.മൂവരും പാര്‍ട്ടി അനുഭാവികളാണ്.കമ്യൂണിസത്തിന് കുഞ്ഞുപിറന്നപ്പോള്‍ പേരിടലിലെ വ്യത്യസ്ത തുടര്‍ന്നു.മോഹന്റെ പേരകുട്ടിയുടെ പേര് മാര്‍ക്സിസം എന്നാണ്.

വധുവായി മമതാ ബാനര്‍ജിയെത്തുന്നു

മോഹന്റെ ബന്ധുവിന്റെ മകളാണ് വധു പി.മമതാ ബാനര്‍ജി.വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച കല്യാണം.മമതയുടെ മാതാപിതാക്കള്‍ കടുത്ത കോണ്‍ഗ്രസ് അനുഭാവികളാണ്.മമത ബംഗാളില്‍ കോണ്‍ഗ്രസിന്റെ ആവേശമായിരുന്ന കാലത്താണു മകള്‍ ജനിക്കുന്നത്.മമതയോടുള്ള ആരാധനയില്‍ ആ അച്ഛന്‍ മകള്‍ക്കു പേരുചൊല്ലി; മമതാ ബാനര്‍ജി.

വൈറലായി പാര്‍ട്ടി പത്രത്തിലെ പരസ്യം.

തിങ്കളാഴ്ച സിപിഐയുടെ മുഖപത്രമായ ജനശക്തിയിലെ പരസ്യമാണു വൈറലായത്.എം.എ സോഷ്യലിസം പി.മമതാ ബാനര്‍ജിയെ താലികെട്ടുന്നുവെന്നായിരുന്നു പരസ്യം.പത്രമിറങ്ങിയതിനശേഷം മോഹന്റെ ഫോണിന് വിശ്രമില്ല.നിലക്കാതെ കോളുകള്‍.എല്ലാവര്‍ക്കും അറിയേണ്ടത് പേരിലെ കൗതുകം.സോഷ്യലിസത്തിന്റെയും മമതയുടെയും പേരിനു പിന്നിലെ കഥ കേട്ടു ആശംസയുമറിയിക്കുകയാണ് വിളിക്കുന്നവരെല്ലാം. മക്കള്‍ക്ക് ഇങ്ങിനെ പേരിട്ടതില്‍ അഭിമാനിക്കുന്ന അച്ഛനും അമ്മയ്ക്കും കുടുംബത്തിലെ വിവാഹം എല്ലാവരെയും ചേര്‍ത്ത് നടത്തണമെന്നുണ്ടായിരുന്നു.കോവിഡ് പണിതന്നു.ഏറ്റവും പ്രിയപെട്ടവര്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങായി സോഷ്യലിസം മമത കല്യാണം. ഇതോടെയാണ് പാര്‍ട്ടി പത്രത്തില്‍ പരസ്യമെന്ന ചിന്തയായത്.2016 ല്‍ ലെനിനിസം കുടുംബ ജീവിതത്തിലേക്കു കടന്നപ്പോഴും ഇതുപോലെ പത്രപരസ്യമുണ്ടായിരുന്നു.

കാട്ടുര്‍–സേലത്തെ കമ്യൂണിസ്റ്റ് കോട്ട

എം.എ. സോഷ്യലിസം പി.മമതാ ബനര്‍ജിയെ  ജീവിതത്തിലേക്കു കൂട്ടുന്നതില്‍ എന്താണിത്ര കൗതുകമെന്നാണ് മോഹന്റെ ഗ്രാമമായ കാട്ടൂര്‍ ചോദിക്കുന്നത്. കാലങ്ങളായി കമ്യൂണിസത്തിന് കാര്യമായ വേരോട്ടമുള്ള മണ്ണാണു കാട്ടൂരിലേത്.മോസ്കോ, റഷ്യ,വിയറ്റ്നാം എന്നൊക്കെ പേരുള്ള മുതിര്‍ന്നവര്‍ ജീവിക്കുന്നയിടം ആയതിനാല്‍ തന്നെ .എ.മോഹനന് എന്ന ലെനിന്‍ മോഹന്‍ മക്കള്‍ക്ക് ഇങ്ങിനെ പേരിട്ടതില്‍ ഗ്രാമത്തിന് ഒട്ടും അല്‍ഭുതമില്ല.

കല്യാണത്തിന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും

എം.എ സോഷ്യലിസം പി.മമതാബനര്‍ജിയെ താലിചാര്‍ത്തുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ സിപിഐ തമിഴ്നാട് ജില്ലാ സെക്രട്ടറി ആര്‍.മുത്തരശന്‍ എത്തും.സേലം ജില്ലാ സെക്രട്ടറി മാത്രമല്ല.വാനാമരുതപെട്ടി നഗരസഭായിലെ പാര്‍ട്ടി കൗണ്‍സിലറുമാണ് മോഹനന്‍.