‘അന്നു മുതൽ തുടരുന്ന ആംബുലൻസ് ശബ്ദം, നിലയ്ക്കാത്ത നിലവിളികൾ’

ഒരു വർഷം മുൻപ് കോവിഡ് ചികിത്സാ കേന്ദ്രമാക്കിയതിനു ശേഷം ഡോ. സാക്കിർ ഹുസൈൻ ആശുപത്രിയിൽനിന്ന് ആംബുലൻസിന്റെ പോക്കുവരവു ശബ്ദം മാത്രമാണു കേട്ടിരുന്നത്. ആശുപത്രി മതിലിന് ഇപ്പുറമാണ് ദ്വാരക അയ്യപ്പക്ഷേത്രം. 24 പേർ ശ്വാസം കിട്ടാതെ മരിച്ച നാസിക് ആശുപത്രിയോടു ചേർന്നുള്ള ദ്വാരക അയ്യപ്പ ക്ഷേത്രം മേൽശാന്തിയും തൃശൂർ സ്വദേശിയുമായ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി ദുരന്തത്തെക്കുറിച്ച് പറയുകയാണ്.

മരണം സംഭവിക്കുമ്പോൾ പോലും ആശുപത്രിയിൽനിന്നു വലിയ കരച്ചിലൊന്നും കേൾക്കാറില്ല. എന്നാൽ, ഇന്നലെ രാവിലെ പതിനൊന്നരയോടെ കുട്ടികളും മുതിർന്നവരും വാവിട്ടു കരയുന്ന ശബ്ദം കേട്ടു. കിടക്ക ലഭിക്കാത്തതിന്റെ പേരിലുള്ള ബഹളം ആയിരിക്കുമെന്നാണു തോന്നിയത്. ഒരു കിടക്കയിൽ 2 കോവിഡ് ബാധിതർ വരെ കിടക്കുന്ന സാഹചര്യം ഇൗ ആശുപത്രിയിലുണ്ട്. എന്നാൽ, കരച്ചിലും ബഹളവും നിലയ്ക്കാതെ വന്നപ്പോൾ പരിഭ്രാന്തിയായി. 

വാഹനങ്ങളും ആളുകളുമെല്ലാം പാഞ്ഞടുക്കുന്നതുപോലെ. ക്ഷേത്രത്തിന് അകത്തായിരുന്നു ഇൗ സമയം ഞാൻ. പുറത്തിറങ്ങിയപ്പോഴാണ് ഓക്സിജൻ ചോർച്ചയാണെന്നു മനസ്സിലായത്. മലയാളികൾ ആരെങ്കിലുമുണ്ടോയെന്ന് അന്വേഷിച്ചെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല. അധികം വൈകാതെ ചോർച്ച പരിഹരിച്ച് ഓക്സിജൻ വിതരണം പുനരാരംഭിച്ചുവെന്നറി‍ഞ്ഞു. അപ്പോഴും കാതിൽ ആ നിലവിളികൾ..