‘ശൈലജ ടീച്ചർക്ക് നന്ദി’; കേരളം ഓക്സിജൻ നൽകി; ട്വീറ്റുമായി ഗോവൻ ആരോഗ്യമന്ത്രി

ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർക്ക് നന്ദി പറഞ്ഞ് ഗോവ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെയുടെ ട്വീറ്റ്. കോവിഡ് രോഗികൾക്ക് ഓക്സിജൻ നൽകിയ കേരളത്തിന്റെ കരുതലിനെ അദ്ദേഹം പ്രശംസിച്ചു. ഓക്സിജൻ പ്രതിസന്ധി രൂക്ഷമായതോടെയാണ് കേരളം ഗോവയ്ക്ക് ഓക്സിജൻ നൽകിയത്.

‘ഗോവയിലെ കോവിഡ് രോഗികൾക്കായി 20,000 ലിറ്റർ ദ്രാവക ഓക്സിജൻ നൽകി ഞങ്ങളെ സഹായിച്ചതിന് ശ്രീമതി ശൈലജ ടീച്ചർക്ക് നന്ദി. കോവിഡിനെതിരായ പോരാട്ടത്തിൽ നിങ്ങൾ നൽകിയ സഹായത്തിന് ഗോവയിലെ ജനങ്ങൾ കടപ്പെട്ടിരിക്കുന്നു.’ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

രാജ്യത്ത് പല സംസ്ഥാനങ്ങളിലും കോവിഡ് രോഗികൾ കൂടിയതോടെ ഓക്സിജൻ ക്ഷാമം രൂക്ഷമാണ്. ഓക്‌സിജൻ ക്ഷാമം രൂക്ഷമായതോടെ ഓക്‌സിജനുമായി പ്രത്യേക ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ തീരുമാനിച്ചിട്ടുണ്ട്. മഹാരാഷ്ട്ര സർക്കാരും ഇത് ആവശ്യപ്പെട്ടിരുന്നു. ക്രയോജനിക് ടാങ്കറുകളിൽ ദ്രവീകൃത ഓക്‌സിജനായിരിക്കും ഓക്‌സിജൻ എക്‌സ്പ്രസുകളിൽ ഉപയോഗിക്കുക. രാജ്യത്തുടനീളം കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ഇത്തരത്തിലുള്ള പ്രത്യേക ട്രെയിനുകൾ ഓടിത്തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ.