വാക്സീനിലെ പോലെ കോവിഡ് മരണ സർട്ടിഫിക്കറ്റിലും മോദി ചിത്രം വേണം: മന്ത്രി

കോവിഡ് രണ്ടാം തരംഗം കഴിഞ്ഞ വർഷത്തേക്കാൾ വലിയ നാശമാണ് രാജ്യത്തുണ്ടാക്കുന്നത്. കോവിഡ് ബാധിക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം വലിയ തോതിൽ വർധിക്കുകയാണ്. ഇതിനൊപ്പം കോവിഡ് വാക്സീൻ എല്ലാവർക്കും എത്തിക്കാൻ കഴിയാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. ഇതോടെ കേന്ദ്രസർക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും വിമർശനം ഉന്നയിച്ച് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ രംഗത്തെത്തി. വാക്സീനിന്റെ ക്രെഡിറ്റ് എടുക്കുന്ന മോദി കോവിഡ് മരണങ്ങളുടെ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കണമെന്ന് മഹാരാഷ്ട്ര മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്​ തുറന്നടിച്ചു.

'കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ മോദിയുടെ ഫോട്ടോ പതിപ്പിച്ച പോലെ തന്നെ മരണ സർട്ടിഫിക്കറ്റിലും പ്രധാനമന്ത്രിയു​ടെ ഫോട്ടോ വേണമെന്നാണ് ഞങ്ങളുടെ അഭിപ്രായം. കോവിഡ് വാക്സിന്‍റെ ക്രെഡിറ്റ് എടുക്കാൻ അവർക്ക് പറ്റുമെങ്കിൽ കോവിഡ് മരണങ്ങളുടെ ഉത്തരവാദിത്തവും ഏറ്റെടുക്കണം' അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിൽ കുട്ടികളിലും കൗമാരപ്രായക്കാരിലും കോവിഡ് വർധിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. 2 മാസത്തിനുള്ളിൽ സംസ്ഥാനത്ത് കോവിഡ് ബാധിച്ചത് 99,022 കൗമാരക്കാർക്കാണ്. 10 വയസ്സ് വരെയുള്ള 38,265 കുട്ടികൾക്കും കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ ഇന്നലെ  67,123 കോവിഡ് കേസുകളാണു റിപ്പോർട്ടു ചെയ്തത്. 419 പേർ മരിച്ചു.