‘വെൽഡൻ മോദി ജി..; രാഹുലിന്റേയും പ്രിയങ്കയുടേയും ഉപദേശം കേട്ടതിന്’; കോൺഗ്രസ് ട്വീറ്റ്

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവയ്ക്കുകയും പത്താം ക്ലാസ് പരീക്ഷ റദ്ദാക്കുകയും ചെയ്തതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോൺഗ്രസിന്റെ ട്വിറ്റർ സന്ദേശം. ‘വെൽഡൻ മോദി ജി, രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും കോൺഗ്രസ് പാർട്ടിയുടെയും ഉപദേശം കേൾക്കുന്നത് നമ്മുടെ രാഷ്ട്രത്തെ മെച്ചപ്പെടുത്തുന്നതിൽ ഏറെ മുന്നോട്ട് കൊണ്ടു പോകും. നമ്മുടെ ജനങ്ങളുടെ നന്മയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കേണ്ടത് ജനാധിപത്യ കടമയാണ്’– കോൺഗ്രസ് ട്വീറ്റ് ചെയ്തു.

നടപടിയിൽ സന്തോഷമുണ്ടെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും ട്വീറ്റ് ചെയ്തു.‘പത്താം ക്ലാസ് പരീക്ഷ സർക്കാർ റദ്ദാക്കിയതിൽ സന്തോഷമുണ്ട്. എന്നിരുന്നാലും പന്ത്രണ്ടാം ക്ലാസ്സിനും അന്തിമ തീരുമാനം എടുക്കേണ്ടതാണ്. ജൂൺ വരെ വിദ്യാർഥികളെ അനാവശ്യ സമ്മർദത്തിലാക്കുന്നത് അർഥശൂന്യമാണ്. ഇത് അന്യായമാണ്. ഇപ്പോൾ തീരുമാനമെടുക്കാൻ ഞാൻ സർക്കാരിനോട് അഭ്യർഥിക്കുന്നു’– പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.

പരീക്ഷ മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും നടപടിയെ സ്വാഗതം ചെയ്തു. പരീക്ഷ റദ്ദാക്കിയതിൽ / മാറ്റിവച്ചതിൽ സന്തുഷ്ടനാണെന്നും ലക്ഷക്കണക്കിന് വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും ഇത് വലിയ ആശ്വാസമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

കോവിഡ് കേസുകൾ രാജ്യത്ത് കുതിച്ചുയരുന്ന സാഹചര്യത്തിൽ സിബിഎസ്ഇ പരീക്ഷകൾ നടത്തുന്നതിനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം. വിദ്യാർഥികളുടെ ക്ഷേമത്തിനാണ് സർക്കാര്‍ മുൻഗണന നൽകേണ്ടതെന്ന് പ്രധാനമന്ത്രി മോദി യോഗത്തിൽ പറഞ്ഞു.