ബിജെപി സ്വപ്നം അകലെ; ബംഗാളിൽ മമതയ്ക്ക് വൻ ഭൂരിപക്ഷമെന്ന് എബിപി സർവേ

ബംഗാളിൽ ബിജെപി സ്വപ്നങ്ങൾ പൂവിടില്ലെന്ന പ്രവചനവുമായി എബിപി ന്യൂസ്–സിവോട്ടർ സർവേ. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് തന്നെ അധികാരത്തിൽ വരുമെന്ന് സർവേ പ്രവചിക്കുന്നു. 148 മുതൽ 164 സീറ്റ് വരെ നേടി മമത ഭരണം നിലനിർത്തുമെന്നാണ് റിപ്പോർട്ട്. ബിജെപിക്ക് 92 മുതൽ 108 സീറ്റ് വരെ കിട്ടുമെന്നും സർവേ പ്രവചിക്കുന്നു. കോണ്‍ഗ്രസ്- ഇടത് സഖ്യത്തിന് 31 മുതല്‍ 39 സീറ്റുകള്‍ വരെ ലഭിച്ചേക്കാമെന്നും സർവേ പ്രവചിക്കുന്നു. 

അസമിലും പുതുച്ചേരിയിലും ബിജെപി നേതൃത്വം െകാടുക്കുന്ന മുന്നണി വിജയിക്കുമെന്നാണ് റിപ്പോർട്ട്. പുതുച്ചേരിയില്‍ ഇതാദ്യമായാണ് ബിജെപി മേല്‍ക്കൈ വരുന്നത്. ഈയിടെയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണത്. തമിഴ്നാട്ടിൽ ഡിഎംകെ–കോൺഗ്രസ് സഖ്യം വൻ ഭൂരിപക്ഷം നേടി അധികാരത്തിൽ തിരിച്ചുവരുെമന്നും സർവേ പ്രവചിക്കുന്നു. 154–162 സീറ്റുകൾ വരെയാണ് പ്രവചിക്കുന്നത്. ഭരണമുന്നണിക്ക് 58–66 സീറ്റുകൾ ലഭിക്കുമെന്നും കമലിന്റെ മക്കൾ നീതി മയ്യം 2–6 സീറ്റ് വരെ നേടുമെന്നും സർവേ പറയുന്നു. 

കേരളത്തിൽ എൽഡിഎഫ് ഭരണതുടർച്ച നേടുമെന്ന് എബിപി ന്യൂസ്–സിവോട്ടർ സർവേ റിപ്പോർട്ട്. 83 മുതൽ 91 സീറ്റുകൾ വരെ നേടി പിണറായി സർക്കാർ ഭരണത്തുടർച്ച നേടുമെന്നാണ് സർവേ പ്രവചനം. യുഡിഎഫിന് 47 മുതൽ 55 സീറ്റുകൾ വരെ ലഭിക്കുമെന്നും ബിജെപി രണ്ട് സീറ്റുകൾ നേടുമെന്നും സർവേ പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ സർവേ പ്രവചനങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.