തമിഴ്നാട്ടിൽ യുപിഎ സീറ്റ് വിഭജന ചർച്ച; നേതൃത്വം ഉമ്മൻചാണ്ടി

തമിഴ്നാട്ടില്‍ യു.പി.എ സഖ്യത്തിന്റെ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കു തുടക്കമായി. ഡി.എം.കെയുമായുള്ള ആദ്യഘട്ട ചര്‍ച്ച തൃപ്തികരമാണന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു ഉമ്മന്‍ ചാണ്ടിയാണ് ഡി.എം.കെയുമായുള്ള ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെ നയിച്ചത്.

കഴിഞ്ഞ തവണ മല്‍സരിച്ച 41  സീറ്റുകള്‍  വേണമെന്നാണ്  പരസ്യമായി പറയുന്നതെങ്കിലും മുപ്പതില്‍ കുറഞ്ഞതെന്നും സ്വീകാര്യമല്ലെന്നാണു കോണ്‍ഗ്രസിന്റെ നിലപാട്. ഇക്കാര്യം ഉമ്മന്‍ ചാണ്ടിയും രണ്‍ദീപ് സിങ് സുര്‍ജേവാലയും ഡി.എം.കെ നേതൃത്വത്തെ അറിയിച്ചു. വിജയിച്ച സീറ്റുകളും കഴിഞ്ഞ തവണ 10000 താഴെ വോട്ടുകള്‍ക്കു തോറ്റ മണ്ഡങ്ങളുമെന്നതാണ് കോണ്‍ഗ്രസ് ആവശ്യം

പരമാവധി 25 സീറ്റുകളാണ് ഡി.എം.കെ വാഗ്ദാനം.. മുന്നണിയില്‍ കൂടുതല്‍ പാര്‍ട്ടികള്‍ വന്നതിനാല്‍ വിട്ടുവീഴ്ച വേണമെന്നാണ് ഡി.എം.കെ ആവശ്യപെടുന്നത്. കോണ്‍ഗ്രസിനു നല്‍കിയിരുന്ന സീറ്റുകളിലെ കൂട്ടതോല്‍വിയാണ് കഴിഞ്ഞ തവണ അധികാരത്തില്‍ നിന്ന് അകറ്റിയതെന്ന വികാരം ഡി.എം.കെയ്ക്കകത്ത് ശക്തമാണ്. ആയതിനാല്‍ പരമാവധി സീറ്റുകള്‍ നേടിയെടുക്കുകയെന്നത് ലക്ഷ്യമിട്ടാണ് ഉമ്മന്‍ ചാണ്ടിയടക്കമുള്ള മുതിര്‍ന്ന നേതാക്കളെ തന്നെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് രംഗത്ത് ഇറക്കിയിരിക്കുന്നത്