ആക്രമിച്ച പുലിയുടെ കണ്ണിൽ വിരലിട്ട് കുത്തി; ബാലന് അത്ഭുതരക്ഷ

അസാമാന്യ ധൈര്യം കൊണ്ട് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ നിന്ന് സ്വയം രക്ഷിച്ച് 12 വയസുകാരൻ.  മൈസൂരുവിലെ കടക്കോളയ്ക്ക് സമീപത്തെ ബീരഗൗഡനഹുണ്ഡി ഗ്രാമത്തിലാണ് സംഭവം. മൈസൂരിന്റെ താരം എന്നു വിളിച്ചാണ് സമൂഹമാധ്യമങ്ങളിൽ പലരും ഈ ബാലനെ പ്രശംസിക്കുന്നത്. 

തോളിൽ കടിച്ച പുലിയുടെ കണ്ണിലാണ് കൈവിരൽ കുത്തിയിറക്കി 12 കാരൻ നന്ദൻ തിരിച്ചാക്രമിച്ചത്. പെട്ടെന്ന് പുലി കടിവിട്ട് കാട്ടിലേക്ക് ഓടിമറഞ്ഞു. തോളിന് കടിയേറ്റ നന്ദനെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  അപകടനില തരണംചെയ്തുവെന്ന് ഡോക്ടർമാർ അറിയിച്ചു. 

അച്ഛന്റെ ഫാംഹൗസിൽ കന്നുകാലികൾക്ക് തീറ്റകൊടുക്കാൻ എത്തിയതാപ്പോളായിരുന്നു സംഭവം. അച്ഛൻ രവിയും ഒപ്പമുണ്ടായിരുന്നു. കന്നുകാലികൾക്ക് പുല്ല് നൽകിക്കൊണ്ടിരുന്നപ്പോളാണ് വൈക്കോലിനുള്ളിൽ ഒളിച്ചിരുന്ന പുലി നന്ദന്റെമേൽ ചാടിവീണത്. തോളിലും കഴുത്തിലും പുലിയുടെ കടിയേറ്റു. നന്ദന്റെ അച്ഛൻ സമീപത്തു തന്നെ ഉണ്ടായിരുന്നെങ്കിലും നിസഹായനായിരുന്നു.സഹായത്തിനായി അലറിവിളിച്ചതോടൊപ്പം ധൈര്യം കൈവിടാതെ പുലിയുടെ കണ്ണിൽ തള്ളവിരൽ ശക്തിയായി കുത്തിയിറക്കുകയായിരുന്നു.