അടിത്തറയിളകി; കാലാവധി തികച്ചില്ല; ദക്ഷിണേന്ത്യയിലെ ഏക കോണ്‍ഗ്രസ് സര്‍ക്കാര്‍ പുറത്ത്

ബി.ജെ.പി ഇറങ്ങിക്കളിച്ചതോടെ ദക്ഷിണേന്ത്യയിലെ ഏക കോണ്‍ഗ്രസ് സര്‍ക്കാര്‍ കാലാവധി തികയ്ക്കാതെ  പുറത്തുപോയി. ഹൈക്കമാന്‍ഡിലുള്ള പിടിപാട് മാത്രം കരുത്താക്കി ഭരണം നടത്തിയിരുന്ന വി.നാരായണ സാമിക്കെതിരെ പാളയത്തില്‍ നിന്നാണു പട തുടങ്ങിയത്. പാര്‍ട്ടിയിലും ഭരണത്തിലും രണ്ടാമനായിരുന്ന നമശിവായവും അഞ്ചു കോണ്‍ഗ്രസ് അംഗങ്ങളും രാജിവച്ചു ബി.ജെ.പിയില്‍ ചേര്‍ന്നതോടെ സര്‍ക്കാരിന്റെ അടിത്തറ ഇളകി. ലഫ്റ്റനന്റ് ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഇന്നു വൈകീട്ടു വരെ സമയവും അനുവദിച്ചു. അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ സ്പീക്കര്‍ പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചു സര്‍ക്കാരിനു ഭൂരിപക്ഷമില്ലെന്നു റൂളിങ് നല്‍കി. സഭ വിട്ടിറങ്ങിയ നാരായണ സാമിയും കോണ്‍ഗ്രസ് എം.എല്‍.എമാരും രാജ് ഭവനിലെത്തി രാജി സമര്‍പ്പിച്ചു. 

കൂടെ നില്‍ക്കുന്നവരെ ഭിന്നിപ്പിച്ചതിന്റെ ഫലമാണിതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പരിഹാസം. പ്രതിപക്ഷ നേതാവ് ഈയാഴ്ച തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുമെന്നതിനാല്‍  പ്രതിപക്ഷം സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കില്ല. സ്വഭാവികമായും ഗവര്‍ണര്‍ രാഷ്ട്രപതി ഭരണത്തിനു  ശുപാര്‍ശ നല്‍കും.

എടുത്തുപറയാന്‍ നേതാക്കള്‍ പോലുമില്ലാത്ത ബിജെപി നമശിവായം അടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ‍ അടത്തിയെടുത്തു കഴിഞ്ഞു. ഇവരുടെ ജനകീയതിലൂടെ  അധികാരത്തിലെത്താമെന്നാണു പ്രതീക്ഷ.