‘മകനെ പറഞ്ഞ് പിന്തിരിപ്പിക്കൂ’; മോദിയുടെ അമ്മയ്ക്ക് പഞ്ചാബിലെ കർഷകന്റെ കത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയ്ക്ക് കത്തയച്ച് കർഷകൻ. പഞ്ചാബിലെ ഫിറോസാപൂരിലെ കര്‍ഷകൻ ഹർപ്രീത് സിങാണ് മോദിയുടെ അമ്മ ഹീരാബെന്നിന് കത്തയച്ചത്. കേന്ദ്ര സർക്കാർ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർപ്രീത് മോദിയുടെ അമ്മയ്ക്ക് കത്തെഴുതിയിരിക്കുന്നത്. 

'ഞാൻ ഈ കത്തെഴുതുന്നത് വളരെ വിഷമിച്ചാണ്. നിങ്ങൾക്കറിയുന്നതു പോലെ രാജ്യത്തെ ഊട്ടുന്ന അന്നദാതാക്കൾ കുറേ ദിവസങ്ങളായി ഡൽഹിയിലെ റോഡുകളിലാണ് ഉറങ്ങുന്നത്. കർഷകരുടെ താൽപര്യത്തിനെതിരായി പാസാക്കിയ നിയമങ്ങളോടുളള പ്രതിഷേധ സൂചകമായാണ് ഞങ്ങൾ ഇത് ചെയ്തത്. ഈ പ്രതിഷേധത്തിൽ പ്രായമായവർ തുടങ്ങി ചെറിയ കുട്ടികൾ വരെയുണ്ട്. പോരാത്തതിന് തണുത്ത കാലാവസ്ഥ ഞങ്ങളെ പലരേയും രോഗികളാക്കുന്നുമുണ്ട്' ഹർപ്രീത് എഴുതുന്നു. 

കർഷകരോടൊപ്പം സമരം ചെയ്തതിന് ഹർപ്രീതിനെ സിംലയില്‍ വച്ച് പൊലീസ് അറസ്റ്റ് ചെയ്തത് കുറച്ചു ദിവസങ്ങൾക്കു മുമ്പാണ്. അനുമതിയില്ലാതെ പ്രതിഷേധിച്ചതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്. പിന്നീട് കർഷക സംഘടനകളുടെ സഹായത്തോടെ ജാമ്യം അനുവദിക്കുകയായിരുന്നു. 

സമരമുഖത്തുളള കർഷകർക്് വേണ്ടിയാണ് താൻ ഈ കത്തെഴുതുന്നതെന്നും മകനെ പറഞ്ഞു മനസിലാക്കി ഇതിൽ നിന്നും പിന്തിരിപ്പിക്കണമെന്നും ഹര്‍പ്രീത് അപേക്ഷിച്ചു. അദാനി, അംബാനിമാരെ സന്തോഷിപ്പിക്കുന്ന നിയമം എത്രയും വേഗം പിൻവലിക്കണമെന്ന താക്കീതും കത്തിലുണ്ട്. ഒരാൾക്കും തന്റെ അമ്മയെ കേൾക്കാതിരിക്കാൻ ആകില്ലെന്ന വിശ്വാസമാണ് തന്നെക്കൊണ്ട് കത്തെഴുതിച്ചതെന്നും ഹർപ്രീത് പറഞ്ഞു. മോദിയും താനടങ്ങുന്ന കർഷകരുടെ ആവശ്യം പരിഗണിക്കുമെന്ന് പ്രതീക്ഷയിലാണ് ഹർപ്രീത്.