‘നന്ദി ഇന്ത്യ, ഇങ്ങനെ ഒപ്പം നിൽക്കുന്നതിന്’; കുറിച്ച് ലോകാരോഗ്യ സംഘടന തലവന്‍

കോവിഡ് വാക്സീന്റെ വരവോടെ രാജ്യാന്തരതലത്തിൽ ഇന്ത്യയുടെ നിലപാടിന് ലോകാരോഗ്യ സംഘടനയുടെ നന്ദിപ്രകടനം. സമ്പന്ന രാജ്യങ്ങളടക്കം ഇന്ത്യയുടെ വാക്സീൻ തേടി എത്തുന്നു. പാക്കിസ്ഥാൻ ഒഴികെയുള്ള അയൽരാജ്യങ്ങൾക്ക് സൗജന്യമായി വാക്സീൻ എത്തിച്ച് നയന്ത്രബന്ധം ഇന്ത്യ മെച്ചപ്പെടുത്തുകയാണ്. ഇതിന് പിന്നാലെയാണ് ‘നന്ദി ഇന്ത്യ’ എന്ന് തുടങ്ങുന്ന കുറിപ്പ് പങ്കിട്ട് ലോകാരോഗ്യ സംഘടന രംഗത്തെത്തിയത്.

'നന്ദി ഇന്ത്യ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോവിഡിനെതിരായ ആഗോള പോരാട്ടത്തിനുളള നിങ്ങളുടെ തുടര്‍ച്ചയായ പിന്തുണയ്ക്ക്. ഒന്നിച്ചുനിന്ന് അറിവുകള്‍ പങ്കുവെക്കുകയാണെങ്കില്‍ മാത്രമേ ഈ വൈറസിനെ നമുക്ക് തടുക്കാനാവൂ. ജീവിതവും ജീവനുകളും രക്ഷിക്കാനാവൂ.' ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് ട്വിറ്ററിൽ കുറിച്ചു.

കോവിഡ് പ്രതിരോധ വാക്സീൻ അയച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബ്രസീൽ പ്രസിഡന്റ് ജെയ്ർ ബോൾസോനാരോയും ട്വിറ്ററിലൂടെ നന്ദി പറഞ്ഞിരുന്നു. മോദിയെ അഭിസംബോധന ചെയ്യുന്ന ട്വീറ്റിൽ ഹനുമാൻ മൃതസഞ്ജീവനി കൊണ്ടുവരുന്ന ചിത്രം ബോൾസോനാരോ ഉൾപ്പെടുത്തിയത് ശ്രദ്ധേയമായി. 

ഈ പ്രതിസന്ധി മറികടക്കാനുള്ള പരിശ്രമത്തിൽ ഇന്ത്യയെ പോലെയുള്ള മഹത്തായ രാജ്യത്തിന്റെ പിന്തുണ ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും ബോൾസോനാരോ കുറിച്ചു. ബ്രസീലിയൻ ഭാഷയിലാണ് ട്വീറ്റ് എങ്കിലും അഭിസംബോധന ചെയ്യാൻ ‘നമസ്കാർ’ നന്ദി പറയാൻ ‘ധന്യവാദ്’ തുടങ്ങിയ പദങ്ങൾ ആണ് ഉപയോഗിച്ചിരിക്കുന്നത്. ട്വീറ്റിന്റെ ഇംഗ്ലിഷ് പരിഭാഷ മറുപടിയായി ഉൾപ്പെടുത്തുകയും ചെയ്തു. 

വാണിജ്യാടിസ്ഥാനത്തിൽ കോവിഡ് വാക്സീൻ കയറ്റുമതി ചെയ്യാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയതിനു പിന്നാലെ രണ്ട് ദശലക്ഷം  വാക്‌സീന്‍ ഡോസുകളാണ് വെള്ളിയാഴ്ച ഇന്ത്യ ബ്രസീലിലേക്കു അയച്ചത്. യുകെ മരുന്നു നിർമാതാക്കളായ അസ്ട്രാസെനക്കയും ഓക്സ്ഫഡ് സർവകലാശാലയും ചേർന്നു വികസിപ്പിച്ച് പുണെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ ഉത്പാദിപ്പിക്കുന്ന കോവിഷീൽഡ് വാക്സീനാണ് കയറ്റി അയച്ചത്. പല രാജ്യങ്ങളിൽനിന്നു കോവിഷീൽഡ് വാക്സീന് ഓർഡർ ലഭിച്ചിരുന്നു. എന്നാൽ ഇന്ത്യയിൽ വാക്സീൻ വിതരണം ആരംഭിച്ചിട്ടുമതി കയറ്റി അയയ്ക്കാൻ എന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. ജനുവരി 16ന് ഇന്ത്യയിൽ വാക്സീൻ വിതരണം ആരംഭിച്ചിരുന്നു.