സത്യപ്രതിജ്ഞ അമേരിക്കയിൽ, ആഘോഷം തമിഴ്നാട്ടിൽ; കമലയ്ക്കായി കാത്ത് ഒരു ഗ്രാമം

അമേരിക്കയിലെ പ്രസിഡന്റ് സത്യപ്രതിജ്ഞ ആഘോഷമാക്കി തമിഴ്നാട്ടിലെ  ഒരു ഗ്രാമം. വൈസ് പ്രസിഡന്റായി അധികാരമേല്‍ക്കുന്ന കമല ഹാരിസിന്റെ മുത്തച്ഛന്റെ  ഗ്രാമമായ തിരുവാരൂര്‍ ജില്ലയിലെ തുളസേന്ദ്ര പുരത്ത് രാവിലെ മുതല്‍  പ്രത്യേക പ്രാര്‍ഥനകളും പൂജകളും തുടങ്ങി. 

ഗ്രാമത്തിന്റെ പേരക്കുട്ടിയുടെ പുതിയ ദൗത്യത്തില്‍ വിഘ്നങ്ങളൊഴിവാക്കാനാണു  തുളസേന്ദ്ര പുരത്തിന്റെ പൂജ.കമല ഹാരിസിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതു മുതല്‍  മുത്തച്ഛന്റെ ഗ്രാമമായ തുളസേന്ദ്ര പുരം ആഘോഷത്തിലാണ്. നാടുമുഴുക്കെ  കമലയെ സിങ്കപെണ്ണായി വാഴ്ത്തുന്ന ഫ്ലക്സുകളാണ്. ഗ്രാമത്തിലെത്തുന്നവര്‍ക്കെല്ലാം പരമ്പരാഗത പലഹാരമായ മുറുക്കു വിതരണം ചെയ്താണു സന്തോഷം പങ്കിടുന്നത്

കുഗ്രാമമായ തുളസേന്ദ്രപുരത്തു പിറന്ന ഒരാള്‍  ലോകം നിയന്ത്രിക്കാന്‍ പോകുന്നതിന്റെ സന്തോഷമാണ് എങ്ങും. മുത്തച്ഛന് പി.വി.ഗോപാലന്‍റെ പങ്കാളിത്തതില്‍ പണിത ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ കമല തൊഴാനെത്തുന്ന പ്രതീക്ഷയിലാണ് ഗ്രാമം .