ബിജെപിയിൽ 'രഹസ്യ സിഡി' കലാപം; ‘യെഡിയൂരപ്പയെ തള്ളാൻ 100 കോടി മുടക്കാൻ തയാർ’

കർണാടകയിൽ സഖ്യസർക്കാരിനെ അട്ടിമറിച്ച് അധികാരം നേടിയ ബിജെപിയിൽ വീണ്ടും വിമത ശബ്ദമുയരുന്നു. ഒരു വർഷത്തിലേറെ നീണ്ടു നിന്ന ചർച്ചകൾക്കും കാത്തിരിപ്പിനുമൊടുവിൽ നടന്ന മന്ത്രിസഭാ വികസനത്തിനു പിന്നാലെയാണ് പുതിയ പ്രതിസന്ധികൾ. തനിക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി രംഗത്തുവന്ന ബിജെപി സാമാജികരോടു പൊതുമധ്യത്തിൽ വിഴുപ്പലക്കാതെ, കേന്ദ്ര നേതൃത്വത്തെ നേരിൽ കണ്ടു പരാതിപ്പെടാൻ  മുഖ്യമന്ത്രി യെഡിയൂരപ്പ തുറന്നടിച്ചു.

രഹസ്യ വിവരങ്ങൾ ഉൾപ്പെട്ട സിഡി കാണിച്ചു മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തിയാണ് പുതുതായി മന്ത്രിമാരായ ഏഴിൽ 3 പേരെങ്കിലും പദവി കയ്യാളിയതെന്ന് ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നൽ ആരോപിച്ചു. അഴിമതി കേസുകൾ നേരിടുന്ന യെഡിയൂരപ്പ രാജിവയ്ക്കണമെന്നും യത്നൽ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി കൂടിയായ എം.പി രേണുകാചാര്യ,  മറ്റ് എംഎൽഎമാരായ എം.പി കുമാരസ്വാമി, സതീഷ് റെഡ്ഡി, ശിവനഗൗഡ നായക്, തിപ്പറെഡ്ഡി, സുനിൽ കുമാർ, രാജൂഗൗഡ, എസ്.എ രാമദാസ് , കൂറുമാറ്റക്കാർക്കിടയിൽ നിന്നു എ.എച്ച് വിശ്വനാഥ് എംഎൽസി, എംഎൽഎമാരായ മഹേഷ് കുമത്തല്ലി, എൻ.മുനിരത്ന തുടങ്ങി ഒട്ടേറെ പേർ അതൃപ്തിയുമായി രംഗത്തുണ്ട്.

യത്നൽ ഉന്നയിക്കുന്നത്:

∙ മുൻകാലങ്ങളിൽ പ്രാദേശിക, ജാതി സമവാക്യങ്ങളും പാർട്ടിയോടുള്ള കൂറുമാണ് മാനദണ്ഡമായത്. ഇപ്പോൾ  പണവും രഹസ്യ സിഡിയുമാണ് മന്ത്രിമാരെ നിശ്ചയിക്കുന്നത്. മുഖ്യമന്ത്രിയുടെ മകനും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ബി.വൈ വിജയേന്ദ്രയാണ് പണമിടപാടുകൾ കൈകാര്യം ചെയ്തത്.

∙ മുരുഗേഷ് നിറാനി ഉൾപ്പെടെ ബുധനാഴ്ച മന്ത്രിമാരായ 3 പേർ, യെഡിയൂരപ്പയെ സ്ഥാനഭ്രഷ്ടനാക്കാൻ തന്ത്രം മെനയുന്നതിനായി 4 മാസം മുൻപ് നെലമംഗലയിലെ റിസോർട്ടിൽ തന്നെ കണ്ടിരുന്നു. ഇതിനായി 100 കോടി രൂപ വരെ ചെലവിടാൻ ഇവർ തയാറായിരുന്നു.

∙ മുഖ്യമന്ത്രി സ്ഥാനം നിലനിർത്താൻ ലിംഗായത്ത് മഠങ്ങളെ യെഡിയൂരപ്പ ദുരുപയോഗം ചെയ്യുന്നു. അടുത്തിടെ ഈ മഠങ്ങൾക്കായി 83 കോടി രൂപ നൽകിയ യെഡിയൂരപ്പ, മഠാധിപന്മാരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തിരിക്കാൻ ശ്രമിച്ചു.  ഇക്കാരണത്താലാണ് യെഡിയൂരപ്പയെ നീക്കാൻ ബിജെപി കേന്ദ്ര നേതൃത്വം ശ്രമം നടത്തിയത്.

∙ കുടുംബ വാഴ്ച അനുവദിക്കാത്ത ബിജെപിയിൽ എങ്ങനെയാണ് ഒരു വീട്ടിൽ നിന്ന് മുഖ്യമന്ത്രിയും എംപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമുണ്ടാകുന്നത്.