സൈന്യത്തിന് ഇന്ത്യ ഒരുക്കുന്ന സൗകര്യങ്ങളിൽ കണ്ണുതള്ളി ചൈന; അവിടെ വലിയ വാർത്ത

ലഡാക്കിലെ ഇന്ത്യൻ സൈന്യത്തിന്റെ സ്മാർട് ക്യാംപുകളിൽ നിന്നുള്ള വിഡിയോയും ഫോട്ടോകളും ചൈനീസ് മാധ്യമങ്ങളിലും സോഷ്യൽമീഡിയകളിലും ട്രന്റിങ്. ലാഡാക്കിലെ മൈനസ് 40 ഡിഗ്രിയെ അതിജീവിക്കാന്‍ സ്മാര്‍ട് ടെന്റുകളുടെ വിഡിയോയാണ് ചൈനീസ് ടെക്സ്റ്റുകൾക്കൊപ്പം പ്രചരിക്കുന്നത്. ഇന്ത്യൻ സൈന്യത്തിന്റെ ക്യാംപുകളിൽ 24 മണിക്കൂറും ചൂടുവെള്ളം പോലും ലഭിക്കുമെന്നാണ് അറിയുന്നത്.

അതിർത്തികൾക്കിടയിലും ഹിമാലയത്തിലെ മൈനസ് ഡിഗ്രി താപനിലയിൽ ഇന്ത്യ സൈന്യത്തിന് നിലനിൽക്കാൻ കഴിയില്ലെന്ന് നേരത്തെ ചൈനീസ് മാധ്യമങ്ങൾ പരിഹസിച്ചിരുന്നു. എന്നാൽ, ഇതേ മാധ്യമങ്ങൾ തന്നെയാണ് ഇന്ത്യൻ സൈനികരുടെ സ്മാർട് ക്യാംപിന്റെ വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. വാർത്താ ഏജൻസി എഎൻഐയുടെ വിഡിയോയാണ് ചൈനീസ് മാധ്യമങ്ങൾ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇന്ത്യൻ സൈന്യം ലഡാക്ക് മേഖലയിൽ ആയിരക്കണക്കിന് സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഇവിടെ താപനില -40 ഡിഗ്രി സെൽഷ്യസ് വരെ എത്താറുണ്ട്. പ്രദേശത്ത് 40 അടി വരെ മഞ്ഞാണ് വീഴുന്നത്. ചൈനീസ് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച വിഡിയോ ഇന്ത്യൻ സൈനികരും ഷെയർ ചെയ്തിരുന്നു. എഎൻഐയുടെ വിഡിയോയിൽ ചൈനീസ് കുറിപ്പുകളോടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

വർഷങ്ങളോളം സമയമെടുത്ത് നിർമിച്ചെടുത്ത സംയോജിത സൗകര്യങ്ങളുള്ള സ്മാർട് ക്യാംപുകൾക്ക് പുറമെ, വൈദ്യുതി, വെള്ളം, ചൂടാക്കൽ സൗകര്യങ്ങൾ, ആരോഗ്യം, ശുചിത്വം എന്നിവയ്ക്കായി സമഗ്രമായ ക്രമീകരണങ്ങളുള്ള ഒരു അത്യാധുനിക ആവാസ കേന്ദ്രം തന്നെയാണ് ലഡാക്കിലെ സൈനികർക്ക് ഒരുക്കിയിരിക്കുന്നത്. ചൈനീസ് വെബ്‌സൈറ്റ് ഈ വിശദാംശങ്ങളെല്ലാം വിഡിയോയിൽ പരാമർശിക്കുന്നുണ്ട്. വിഡിയോയിലെ വാചകങ്ങളിൽ ഇങ്ങനെ പറയുന്നു: ‘വർഷങ്ങളായി മൾട്ടി-ഫംഗ്ഷണാലിറ്റി സ്മാർട് ക്യാംപുകൾ നിർമിക്കുന്നതിനു പുറമേ അടുത്തിടെ ഇവിടെ റെസിഡൻഷ്യൽ ഏരിയകളും വന്നു, ഇതിൽ വൈദ്യുതി, ജലവിതരണം, ചൂടാക്കൽ, ആരോഗ്യ സംരക്ഷണം, ശുചിത്വം തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടുന്നു.