രജനീകാന്തിന്റെ പിന്തുണ ഉറപ്പാക്കാൻ ബിജെപി; അമിത്ഷാ ഇടപെടുന്നു?

തമിഴ്നാട്ടിലെ ബി.ജെ.പി – അണ്ണാ ഡി.എംകെ മുന്നണിയിലെ പ്രശ്നങ്ങള്‍ പരിഹരിച്ചതിനു പിറകെ രജനികാന്തിന്റെ പിന്തുണയുറപ്പാക്കാനുള്ള കരുനീക്കങ്ങള്‍ ശക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സൂപ്പര്‍ സ്റ്റാറിന്റെ നീക്കങ്ങളെ കുറിച്ചു ആര്‍.എസ്.എസ് സൈദ്ധാന്തികനുമായി മൂന്നുമണിക്കൂര്‍ നീണ്ട ചര്‍ച്ച നടത്തി. തിരഞ്ഞെടുപ്പില്‍  താരത്തിന്റെ പരസ്യ പിന്തുണ നേടിയെടുക്കലാണ് ബി.ജെ.പി ലക്ഷ്യം. 

രാത്രി വൈകിയാണു ആര്‍.എസ്.എസ് സദ്ധാന്തികന്‍ എസ്.ഗുരുമൂര്‍ത്തി അമിത് ഷായെ കണ്ടത്. ഇതിനു മുന്നോടിയായി രജനികാന്തിനെയും ഗുരുമൂര്‍ത്തി സന്ദര്‍ശിച്ചുവെന്നണു വിവരം. പാര‍്‍ട്ടി പ്രഖ്യാപനം വൈകുന്നതിനാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ രജനികാന്തിന്റെ പരസ്യ പിന്തുണ ഉറപ്പാക്കാനാണ് ഇപ്പോള്‍ ബി.ജെ.പി നീക്കം. എന്നാല്‍ ഇതുസംബന്ധിച്ചു താരം ഉറപ്പുകളൊന്നും നല്‍കിയിട്ടില്ലെന്നാണു പുറത്തുവരുന്ന സൂചനകള്‍.

അതേ സമയം അണ്ണാ ഡി.എം.കെ ബി.ജെ.പി ബന്ധത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനായെന്നതിനപ്പുറം  സീറ്റ് വിഭജനത്തില്‍ പ്രാഥമിക ചര്‍ച്ചകളും നടന്നു‍.40 സീറ്റുകളാണ് ബി.ജെ.പി ആവശ്യപ്പെട്ടിരിക്കുന്നത്.ഇതില്‍ 25 സീറ്റുകള്‍  അണ്ണാ ഡി.എംകെ വിട്ടുനല്‍കിയേക്കും. ഏഴുമാസമായി പരസ്പരം പോരാടിച്ചിരുന്ന ഇരുപാര്‍ട്ടികളും സഖ്യം തുടരാന്‍ തീരുമാനിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളെയും അമ്പരപ്പിച്ചു. കൂടികാഴ്ചകള്‍ നടക്കുന്നതിനു മുമ്പു സര്‍ക്കാര്‍ പരിപാടിയിലാണു സഖ്യം തുടരുന്ന കാര്യം  മുഖ്യമന്ത്രി എടപ്പാടി പളനിസാമി  പ്രഖ്യാപിച്ചത്.  മുഖ്യമന്ത്രി പ്രഖ്യാപനം നടത്തുമ്പോള്‍ മാത്രമാണ് അണ്ണാ ഡി.എം.കെയിലെ മുതിര്‍ന്ന നേതാക്കള്‍ പോലും  ഇക്കാര്യം അറിഞ്ഞത്.